മലയാളികളുടെ ചതി: കോഴിക്കോട് സ്വദേശി 4 വർഷമായി ഖത്തർ ജയിലിൽ
Mail This Article
എലത്തൂർ∙ മലയാളികളായ നാലു പേരുടെ ചതിയിൽ പെട്ട് 4 വർഷമായി ഗൾഫിലെ ജയിലിലായ യുവാവിന് ഇനിയും മോചനമായില്ല. പുതിയങ്ങാടി പാവങ്ങാട് കണിയാംതാഴത്ത് വീട്ടിൽ അരുൺ (31) ആണു 2019 മുതൽ ഖത്തറിൽ ജയിലിൽ കഴിയുന്നത്. മത്സ്യത്തൊഴിലാളിയായ കണിയാംതാഴത്ത് വീട്ടിൽ സതീശന്റെയും രതിയുടെയും മകനാണ് അരുൺ. പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി വി.മുരളീധരൻ, നോർക്ക എന്നിവർക്കൊക്കെ കുടുംബം നൽകിയ പരാതികളൊന്നും അരുണിന്റെ രക്ഷയ്ക്കെത്തിയില്ല. വിവാഹം കഴിഞ്ഞ് മൂന്നു ദിവസം മാത്രം ഭർത്താവുമൊന്നിച്ചു കഴിഞ്ഞ ഭാര്യ അനുസ്‌മൃതിയും അരുണിന്റെ മാതാപിതാക്കളും പ്രിയപ്പെട്ടവന്റെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല.
ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് അഞ്ചു കോടി ഇന്ത്യൻ രൂപയുടെ ബാധ്യത വരുന്ന കേസിലാണ് അരുൺ ശിക്ഷിക്കപ്പെട്ടത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമകളാണ് അരുണിനെക്കൊണ്ട് ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ചതും ചെക്ക് ഒപ്പിട്ടു വാങ്ങിയതും എന്നു ബന്ധുക്കൾ പറയുന്നു. 23 ചെക്കുകൾ മടങ്ങിയതിനെതിരെയാണ് കേസുള്ളത്. ഇതിൽ 7 ചെക്കുകളുടെ കേസുകൾ കഴിഞ്ഞു. ഇനി 16 എണ്ണത്തിന്റെ കേസ് ആണു ബാക്കിയുള്ളത്. നാലു വർഷത്തെ ജയിൽവാസം അനുഭവിച്ചതോടെ ഇനി ബാക്കി തുകയ്ക്കുള്ള സെറ്റിൽമെന്റ് നടത്തിയാലും അരുണിനു മോചനം ലഭിക്കും. അരുണിനെ കുടുക്കിയ നാലു പേർ അടങ്ങുന്ന സംഘം ഇപ്പോഴും വിദേശത്തു സജീവമാണെന്നാണു കുടുംബം പറയുന്നത്.
അരുണിനെ വഞ്ചിച്ചവർക്കെതിരെ എലത്തൂർ, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നുവെങ്കിലും തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ രണ്ടിടത്തും കേസൊന്നും റജിസ്റ്റർ ചെയ്തിട്ടില്ല. അരുണിന് ആഴ്‌ചയിൽ രണ്ടു തവണ ജയിലിൽ നിന്നു വീട്ടിലേക്കു ഫോൺ വിളിക്കാൻ സൗകര്യമുണ്ട് എന്നതു മാത്രമാണ് ആശ്വാസം. പരാതിക്കാരായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു തർക്കപരിഹാരമുണ്ടാക്കിയാൽ കേസുകൾ തീരും. അതിനു ഖത്തറിലെ മലയാളി സമൂഹത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും പിന്തുണ അഭ്യർഥിക്കുകയാണ് അരുണിന്റെ കുടുംബം.
English Summary: 4 years in Qatar prison