ഫഡ്നാവിസ് ലോക്സഭയിലേക്ക്? ‘അനാഥമാകുമെന്ന പേടിയിൽ’ എതിർപ്പുമായി സംസ്ഥാന ബിജെപി
Mail This Article
മുംബൈ∙ അടുത്ത വർഷം നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ സ്ഥാനാർഥിയാക്കിയേക്കുമെന്ന് സൂചന. നാഗ്പുരിൽനിന്ന് ഫഡ്നാവിസിനെ സ്ഥാനാർഥിയാക്കാൻ ബിജെപി കേന്ദ്രനേതൃത്വം ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഊർജ്ജസ്വലരായ, കഴിവു തെളിയിച്ച യുവ പ്രതിഭകളെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫഡ്നാവിസിനെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് വിവരം.
എന്നാൽ ഇതിനോട് ഫഡ്നാവിസ് ക്യാംപ് താൽപര്യം കാണിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഫഡ്നാവിസ് മഹാരാഷ്ട്രയിൽ തന്നെ തുടരണമെന്നും ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമെത്തുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽനിന്ന് നയിക്കണമെന്നുമാണ് ഫഡ്നാവിസിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്. ഇതിന് നിരവധി കാരണങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്ത് ബിജെപിയുടെ മുഖം ഫഡ്നാവിസാണ് എന്നതാണ് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. പാർട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ എതിരാളികളായ എക്നാഥ് ഖാദ്സെ, പങ്കജ് മുണ്ഡെ എന്നിവർ രാഷ്ട്രീയമായി പാർശ്വവൽക്കരിക്കപ്പെട്ടു. ഖാദ്സെ എൻസിപിയിൽ ചേരുകയും മുണ്ഡെയുടെ രാഷ്ട്രീയ പ്രതാപം നഷ്ടമാകുകയും ചെയ്ത സാഹചര്യത്തിൽ ഫഡ്നാവിസാണ് പാർട്ടിയുടെ തുറുപ്പുചീട്ട്. 2014 ഒക്ടോബർ മുതൽ അഞ്ചു വർഷക്കാലത്തേക്ക് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഫഡ്നാവിസ് പാർട്ടി പ്രവർത്തകർക്കിടയിലേക്ക് തന്റെ സ്വാധീനം വ്യാപിപ്പിച്ചിട്ടുണ്ട്. മാത്രമല്ല മഹാരാഷ്ട്രയിലെ മറ്റു രാഷ്ട്രീയക്കാരെപ്പോലെ അഴിമതിക്കേസുകളിലൊന്നും ഫഡ്നാവിസ് കുടുങ്ങിയിട്ടില്ല.
ഫഡ്നാവിസിനെ മാറ്റി ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ബിജെപി കേന്ദ്ര നേതൃത്വം വലിയ നീതികേടാണ് കാണിച്ചതെന്നും മഹാരാഷ്ട്രയിലെ ഫ്ഡ്നാവിസ് അനുകൂലികൾ വിശ്വസിക്കുന്നുണ്ട്. ഇതിൽ അസ്വസ്ഥനായ ഫ്ഡനാവിസ് താൻ ഷിൻഡെ സർക്കാരിന്റെ ഭാഗമാകുന്നില്ലെന്ന് അറിയിച്ചിരുന്നെങ്കിലും, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ അടക്കം നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായത്. എന്നാൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും ഫഡ്നാവിസിന്റെ കയ്യിലേക്ക് മുഖ്യമന്ത്രി പദവി എത്തുമെന്നാണ് ഫഡ്നാവിസ് ക്യാംപ് കരുതുന്നത്. അതിനാൽ തന്നെ ഫഡ്നാവിസ് ഇല്ലാതെ നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനും പ്രായസമാണെന്നാണ് ഫഡ്നാവിസിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഫഡ്നാവിസ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയാണെങ്കിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്നു വരുന്ന മറ്റൊരു പേര് ചന്ദ്രകാന്ത് പട്ടീലിന്റെയാണ്. എന്നാൽ സ്വന്തം മണ്ഡലമായ കോലാപുരിൽനിന്ന് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടില്ല എന്ന് ഉറപ്പുള്ളതിനാൽ പുണെയിലെ മറ്റൊരു സീറ്റ് ഇയാൾക്ക് നൽകിയേക്കുമെന്നാണ് സൂചന. ബാബാസാഹിബ് ആംബേദ്കറിനും ജ്യോതിഭാ ഫൂലെയ്ക്കും എതിരെ ഇദ്ദേഹം നടത്തിയ പല പ്രസ്താവനകളും വിവാദമായത് പാർട്ടിക്ക് തലവേദനയുമാണ്. അതുപോലെ ഫഡ്നാവസിന്റേതു പോലെ ഒരു ഹൈ പ്രോഫൈൽ ഇമേജ് ഇല്ല എന്നതും ചന്ദ്രകാന്ത് പട്ടീലിന് പ്രതികൂല ഘടകമാണ്.
ചന്ദ്രകാന്ത് പട്ടീലിനെപ്പോലെ ഉയർന്നു കേൾക്കുന്ന മറ്റൊരു പേരാണ് ആഷിഷ് ഷേലാർ. ബാന്ദ്ര എംഎൽഎയായ ആഷിഷിന് സംസ്ഥാനത്തെ എല്ലാ ഘടകങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്ഥനുമാണ്. ഈ വിശ്വാസമാണ് നിലവിൽ ആഷിഷിനെ ബിസിസിഐയുടെ ട്രഷറർ സ്ഥാനത്തേക്ക് എത്തിച്ചത്.
English Summary: BJP Contemplates Fielding Devendra Fadnavis For Lok Sabha Polls; Strong Contender For Nagpur Seat