സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം, അന്വേഷണം
Mail This Article
ന്യൂഡൽഹി∙ മാർക്ക് ആന്റണിയുടെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന നടന്‍ വിശാലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ നടപടിയുമായി കേന്ദ്രസർക്കാർ. വിഷയത്തിൽ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയ്ക്ക് അയച്ചു. തന്റെ പുതിയ ചിത്രമായ ‘മാർക്ക് ആന്റണി’യുടെ ഹിന്ദി പതിപ്പിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാനായി ആറരലക്ഷം നൽകേണ്ടി വന്നെന്നു വിശാൽ വെളിപ്പെടുത്തി 24 മണിക്കൂറിനുള്ളിലാണു മന്ത്രാലയത്തിന്റെ ഇടപെടൽ. ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകി എന്നായിരുന്നു വിശാൽ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും താരം പുറത്തുവിട്ടിരുന്നു.
‘‘വെള്ളിത്തിരയിൽ അഴിമതി കാണിക്കുന്നത് നല്ലതാണ്. എന്നാൽ യഥാർഥ ജീവിതത്തിൽ അല്ല. ഇത് എനിക്ക് ദഹിക്കുന്നില്ല. പ്രത്യേകിച്ച് സർക്കാർ ഓഫിസുകളിൽ. അതിലും മോശമായത് സിബിഎഫ്സി മുംബൈ ഓഫിസിലാണ്. എന്റെ സിനിമ മാർക്ക് ആന്റണി ഹിന്ദി പതിപ്പിന് 6.5 ലക്ഷം നൽകേണ്ടി വന്നു. 2 ഇടപാടുകൾ. സ്ക്രീനിങിന് 3 ലക്ഷവും സർട്ടിഫിക്കറ്റിന് 3.5 ലക്ഷവും. എന്റെ കരിയറിൽ ഒരിക്കലും ഈ അവസ്ഥ നേരിട്ടിട്ടില്ല. ഇടനിലക്കാരന്‍ മേനഗയ്ക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല, ഭാവിയിലെ നിർമാതാക്കൾക്കു വേണ്ടിയാണ്. ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അഴിമതിക്കായി പോയി. എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’– കൈക്കൂലി നൽകേണ്ടിവന്ന വിവരം പങ്കുവച്ചു വിശാൽ പറഞ്ഞ വാക്കുകളാണിത്.
English Summary: Centre sent an officer to Mumbai to conduct an inquiry on Actor Vishal's claims of corruption