ADVERTISEMENT

ന്യൂഡൽഹി∙ ജയ്പുരിൽ പിടിയിലായ ഐഎസ് ഭീകരൻ ഷാഫി ഉസമ എന്നറിയപ്പെടുന്ന ഷ‌ഹ്നവാസും സംഘവും കേരളത്തിലും എത്തിയിരുന്നുവെന്ന് ഡൽഹി പൊലീസ് സ്പെഷൽ സെൽ വൃത്തങ്ങൾ. ഇവർ ദക്ഷിണേന്ത്യയിൽ വിവിധയിടങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടതായും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ മൂന്നുപേരും എൻജിനീയറിങ് ബിരുദധാരികളാണ്. ഇവർ ചെറു സംഘങ്ങളായി ഐഎസ് മൊഡ്യൂളുകൾ രൂപീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താ‌നായിരുന്നു പദ്ധതി. 

അറസ്റ്റിലായവർ കേരളത്തിലുൾപ്പെടെ പശ്ചിമഘട്ടത്തിലെ വനമേഖലകളിൽ താമസിക്കുകയും ഐഎസ് പതാക സ്ഥാപിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ സ്പെഷൽ സെല്ലിന് ലഭിച്ചിട്ടുണ്ട്. പുണെയില്‍നിന്നു കടന്നുകളഞ്ഞ ഷ‌ഹ്നവാസിനെ തിങ്കളാഴ്ച സ്പെഷൽ സെൽ പിടികൂടി. എൻജിനീയർ ആയ ഷഹ്നവാസിനെക്കുറിച്ചു വിവരം നൽകുന്നവർക്ക് 3 ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സർക്കാരിനെതിരെ യുദ്ധം നടത്തി സമാധാനവും ഐക്യവും തകർത്ത് രാജ്യത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാനായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നു പൊലീസ് പറയുന്നു. അറസ്റ്റിലായ ഷാമിൽ സാഖിബ് നാചന്റെ വീട്ടിൽനിന്നു സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ഗൂഢാലോചന നടത്തിയതിന്റെ തെളിവു ലഭിക്കുകയും ചെയ്തു. വിദേശത്തുനിന്നു ലഭിക്കുന്ന നിർദേശങ്ങൾക്ക് അനുസൃതമായാണ് ഇവർ പ്രവര്‍ത്തിച്ചിരുന്നത്. വിശദമായ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.

English Summary: Arrested ISIS terrorist Shahnawaz and team visited Kerala, Planned to execute attack in various places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com