ADVERTISEMENT

ന്യൂഡൽഹി ∙ വിവാഹ അഭ്യർഥന നിരസിച്ചതിന് സഹപ്രവർത്തകയെ കൊലപ്പെടുത്തിയശേഷം പൊലീസ് ഉദ്യോഗസ്ഥൻ കുടുംബത്തെ വഴിതെറ്റിച്ചത് രണ്ടുവർഷം. ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥ മോന യാദവിന്റെ (27) കൊലപാതകത്തിലാണ് ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ സുരേന്ദ്ര റാണ (42) അറസ്റ്റിലായത്. കോവിഡ് വാക്സീൻ രേഖകളും ഫോൺ കോളുകളുമടക്കം കൃത്രിമമായി സൃഷ്ടിച്ചാണ് കൊല്ലപ്പെട്ട യുവതി ജീവിച്ചിരിപ്പുണ്ടെന്ന് പ്രതി വരുത്തിത്തീർത്തത്. 

ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെ രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.  ഇയാൾക്ക് സഹായം ചെയ്തതിന് ഭാര്യാസഹോദരൻമാരും പിടിയിലായി. ഇയാൾ കൊലപാതകം നടത്തിയശേഷം മൃതദേഹം പല കഷ്‌ണങ്ങളാക്കി കനാലിൽ തള്ളുകയായിരുന്നു. മോന യാദവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു സഹോദരിയുടെ ശ്രമങ്ങൾക്കാണ് നീതി ലഭിച്ചത്. ഒളിച്ചോടിയെന്ന് പറഞ്ഞു പൊലീസ് അവസാനിപ്പിക്കാൻ ശ്രമിച്ച കേസിൽ നീതി തേടി നിരവധി തവണ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു.

ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ നിന്നുള്ളവരാണു കൊല്ലപ്പെട്ട മോന യാദവിന്റെ കുടുംബം. മൂന്നു സഹോദരിമാരിൽ ഏറ്റവും ഇളയ ആളാണ് മോന. ഉത്തർപ്രദേശ് പൊലീസിൽ ഇൻസ്‌പെക്‌ടറായിരുന്ന ഇവരുടെ പിതാവ് 2011ൽ വെടിയേറ്റ് കൊല്ലപ്പെട്ടു. തന്നെ ഐഎഎസ് ഓഫിസറാക്കണം എന്ന പിതാവിന്റെ ആഗ്രഹത്താലാണു മോന പൊലീസിൽ ചേർന്നത്. 2014ൽ ഡൽഹി പൊലീസിൽ കൺട്രോൾ റൂമിൽ പരിശീലനത്തിന് എത്തിയപ്പോൾ പ്രതി സുരേന്ദ്ര റാണയെ പരിചയപ്പെട്ടു.

മകളെ പോലെയാണെന്നു പറഞ്ഞ് പരിചയത്തിലായ റാണ, മോനയ്‌ക്ക് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നു. മോനയുടെ കുടുംബവുമായും ഇയാൾ പരിചയപ്പെട്ടു. പിന്നീട് 2020ൽ ഉത്തർ പ്രദേശിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ ജോലിക്കൊപ്പം സിവിൽ സർവീസ് പഠനവുമായി മോന മുന്നോട്ടുപോയി. 2021ൽ മോനയെ കാണാതായപ്പോൾ റാണയോട് അന്വേഷിച്ചിരുന്നു. വിവരമൊന്നുമില്ലെന്നായിരുന്നു മറുപടി. ഒക്‌ടോബറിൽ മോനയുടെ സഹോദരി മുഖർജി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇതിനുശേഷം മോന തന്നെ വിളിച്ചിരുന്നുവെന്നും, കുടുംബത്തിനോട് സംസാരിക്കാൻ താത്‌പര്യമില്ലാതെ മാറിനിൽക്കുകയാണെന്ന് പറഞ്ഞതായും വിശ്വസിപ്പിച്ചു. പിന്നീട് ഇയാളുടെ ഭാര്യാ സഹോദരനെ  അരവിന്ദ് എന്ന പേരിൽ പരിചയപ്പെടുത്തി. ഇയാൾ മോനയുമായി വിവാഹം കഴിച്ചെന്നും വീട്ടിലെ പ്രശ്നംകൊണ്ട് മാറി നിൽക്കുകയാണെന്നും പറഞ്ഞു. മോനയുടെ ശബ്ദത്തിലടക്കം സംസാരിച്ച് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

മോനയെ കണ്ടെത്തുന്നതിനായി സ്വന്തംനിലയിൽ അഞ്ചു സംസ്ഥാനങ്ങളിൽ സഹോദരി സഞ്ചരിച്ചു. മോനയുടെ എടിഎം കാർഡ് ഉപയോഗിക്കപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം ഇവരെത്തി. എന്നാല്‍ എടിഎമ്മിലെ സിസിടിവി പരിശോധിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചയാൾ പണം പിൻവലിക്കുന്നതാണ് കാണാനായത്. ഇതിനിടെ റാണയും മോന താമസിച്ചിരുന്ന സ്ഥലങ്ങളെന്നു പറഞ്ഞ് വിവരങ്ങൾ കൈമാറികൊണ്ടിരുന്നു. മോനയെന്ന് പറഞ്ഞ് മറ്റൊരു യുവതിയെ ഉപയോഗിച്ച് കോവിഡ് വാക്‌സീൻ രേഖകളും സൃഷ്ടിച്ചു.

ഇതിൽ ദുരൂഹത തോന്നിയതോടെയാണ് സഹോദരി ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത്. തുടർന്നു കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 2 മാസം കൊണ്ടാണു പ്രതികളെ കണ്ടെത്തിയത്. വിവാഹിതനായ സുരേന്ദ്രയുടെ വിവാഹ അഭ്യർഥന 2021ൽ  മോന നിരസിച്ചതിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. 

English Summary: Cop Misled Murdered Woman's Family For 2 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com