ആദ്യ ദിവസം മുതൽ ഇന്ത്യൻ സൈനികരെ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിക്കും: മാലദ്വീപ് നിയുക്ത പ്രസിഡന്റ്
Mail This Article
മാലെ∙ ദ്വീപ് സമൂഹത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുമെന്ന തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുമെന്ന് മാലദ്വീപിന്റെ നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു. ആദ്യ ദിവസം മുതൽ ഇന്ത്യൻ സൈനികരെ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘‘ഇവിടെ വിദേശ സൈന്യം ആവശ്യമില്ലെന്ന് ജനങ്ങൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിദേശ സൈനികരെ മാലദ്വീപിൽ തങ്ങാൻ അനുവദിക്കില്ല. അധികാരമേറ്റയുടൻ ഈ ശ്രമം ആരംഭിക്കും’’– അദ്ദേഹത്തെ ഉദ്ധരിച്ച് ഒരു വിദേശമാധ്യമം റിപ്പോർട്ട് ചെയ്തു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, മാലദ്വീപിൽ അനിയന്ത്രിതമായ ഇന്ത്യൻ സാന്നിധ്യം അനുവദിച്ചുവെന്ന് മുയിസുവിൽനിന്ന് ആരോപണം നേരിട്ടിരുന്നു. എന്നാൽ, മാലദ്വീപിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഇരു സർക്കാരുകളും തമ്മിലുള്ള കരാർ പ്രകാരം കപ്പൽ നിർമാണശാല നിർമിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് സോലിഹ് വ്യക്തമാക്കിയിരുന്നു. ചൈനീസ് അനുകൂലിയായി പരസ്യമായി അവകാശപ്പെട്ടിട്ടുള്ള മുയിസു, രണ്ടാം ഘട്ട വോട്ടെടുപ്പിൽ 54% വോട്ടു നേടിയാണു ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ദ്വീപസമൂഹത്തിനു മേൽ ഏതു രാജ്യമാണ് കൂടുതൽ സ്വാധീനം ചെലുത്തുകയെന്നു തീരുമാനിക്കുന്ന ഘടകമായി ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടിരുന്നു. ദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യം മാലദ്വീപിന്റെ പരമാധികാരത്തിനു ഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു മുയിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. മുയിസുവിന്റെ വിജയത്തിൽ ഇന്ത്യയും ചൈനയും അഭിനന്ദിച്ചിരുന്നു.
English Summary: Will begin efforts to remove Indian troops from Day 1: Maldives President-elect Mohamed Muizzu