തന്ത്രങ്ങൾ പങ്കുവച്ച് കനുഗോലു; ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ സുധാകരന്റെ കേരള യാത്ര
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ കേരളയാത്ര നടത്താൻ രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനം. നിയോജക മണ്ഡലങ്ങളിൽ സർക്കാർ നടത്തുന്ന ജനസദസ്സുകൾക്ക് ബദലായി, സർക്കാരിന്റെ വീഴ്ചകളെ തുറന്നു കാട്ടുകയെന്ന ലക്ഷ്യവും യാത്രയ്ക്കുണ്ട്. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര ജനുവരിയിലാകും നടക്കുക. യാത്രയുടെ സമയക്രമം പിന്നീട് തീരുമാനിക്കും. കെ.സുധാകരൻ കെപിസിസി പ്രസിഡന്റായതിനുശേഷം നടത്തുന്ന ആദ്യ കേരളയാത്രയാണിത്.
സർക്കാർ ജനസദസുമായി മണ്ഡലങ്ങളില്‍ സജീവമാകുമ്പോൾ ബദലായി കോൺഗ്രസും പോർമുഖം തീർക്കണമെന്ന അഭിപ്രായം യോഗത്തിലുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങളിലേക്ക് ഇറങ്ങാനാണ് സർക്കാർ ജനസദസുകൾ മണ്ഡലാടിസ്ഥാനത്തിൽ ചേരുന്നത്. അതിനു മറുപടിയായി, സർക്കാരിന്റ വീഴ്ചകളും ജനവിരുദ്ധ നയങ്ങളും ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പാർട്ടിയെ താഴേത്തട്ടിൽ സജീവമാക്കാൻ യാത്ര സഹായിക്കുമെന്ന് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.
സിറ്റിങ് എംപിമാർ മണ്ഡലത്തിൽ കൂടുതൽ സജീവമാകണമെന്ന് നേതൃത്വം നിർദേശിച്ചു. സർക്കാരിന്റെ വീഴ്ചകൾ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടുന്ന പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യണം. എംപിമാരും യോഗത്തിൽ പങ്കെടുത്തു. നാലര മാസത്തിനുശേഷമാണ് രാഷ്ട്രീയകാര്യ സമിതിയോഗം ചേർന്നത്.
കോൺഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലു ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. കനുഗോലുവിന്റ നേതൃത്വത്തില്‍ കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ രഹസ്യ സർവേ നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. സിറ്റിങ് എംപിമാർ ഭൂരിഭാഗം പേരും മത്സരിക്കുന്നതിനെ റിപ്പോർട്ട് അനുകൂലിക്കുന്നു.
അപ്രതീക്ഷിത സ്ഥാനാർഥികളെ ഇറക്കണമെന്ന നിർദേശവുമുണ്ട്. നാളെ കെപിസിസി നിർവാഹക സമിതിയോഗം ചേരും. ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും പുറമേ ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. ആറിന് യുഡിഎഫ് ഏകോപന സമതിയോഗം ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ചയാകും.
English Summary: Kerala Yatra: Strengthening Congress Party and Front for Lok Sabha Elections