‘ഓഫിസിലെ ശീലം ഇവിടെ വേണോ?’: പ്രസംഗം തുടരവേ ഉറക്കം, പരിഹസിച്ച് കെ.രാധാകൃഷ്ണൻ
Mail This Article
തിരുവനന്തപുരം∙ തന്റെ പ്രസംഗത്തിനിടെ ഉറങ്ങിയ ഉദ്യോഗസ്ഥരെ പരിഹസിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ. ഓഫിസിലെ ശീലം ഇവിടെ വേണോയെന്ന് മന്ത്രി ചോദിച്ചു. എൻജിഒ യൂണിയന്റെ ഷോർട്ട് സ്റ്റേ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമർശം.
കെ.രാധാകൃഷ്ണന്റെ വാക്കുകൾ:
‘‘വന്നതു മുതൽ ഞാൻ ശ്രദ്ധിക്കുകയാണ്, രണ്ടുമൂന്നു പേർ ഉറങ്ങിക്കൊണ്ടേ ഇരിക്കുകയാണ്. ഞാൻ പറഞ്ഞുവന്നത് അതിദാരിദ്ര്യം മാറ്റുന്നതിനെ പറ്റിയാണ്. ദാരിദ്ര്യം മാറിയതിന്റെയാണ് ഈ ഉറക്കം (ചിരി). ഒരിക്കൽ കുടുംബശ്രീയുടെ പരിപാടി ഉദ്ഘാടനം ചെയ്യാൻ പോയിരുന്നു. അയ്യായിരത്തോളം സ്ത്രീകളുണ്ട് അവിടെ. ഹാൾ നിറഞ്ഞുകവിഞ്ഞു. വേദിയിൽ എന്റെ കൂടെ ഉത്തരേന്ത്യൻ സ്വദേശിയായ കലക്ടറാണുള്ളത്.
കുറച്ചു സമയം കഴിഞ്ഞപ്പോൾ കലക്ടർ വൺ, ടു, ത്രീ എന്ന് എണ്ണാൻ തുടങ്ങി. ഇയാൾക്ക് പിറുപിറുക്കുന്ന സ്വഭാവമുണ്ടോയെന്നു ചിന്തിച്ചു. രണ്ടുമൂന്നു പ്രാവശ്യം ഇടംകണ്ണിട്ടു നോക്കിയപ്പോഴും അദ്ദേഹം എണ്ണിക്കൊണ്ടിരിക്കുകയാണ്. കുറച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, സർ 23 കസേര പൊട്ടി എന്ന്. ബലക്കുറവ് കൊണ്ട് പൊട്ടിയതാകുമെന്നു ഞാൻ കരുതി.
അപ്പോൾ അദ്ദേഹം ചോദിച്ചു: സർ, നമ്മൾ കുടുംബശ്രീ രൂപീകരിച്ചത് എന്തിനു വേണ്ടിയാണ്? ഞാൻ പറഞ്ഞു, ദാരിദ്ര്യം ലഘൂകരിക്കാൻ. നമ്മുടെ നാട്ടിലെ ദാരിദ്ര്യം ലഘൂകരിച്ചതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സഹോദരിമാർ വന്നിരുന്നപ്പോൾ കസേരകൾ പൊട്ടിയതെന്ന് എന്നായിരുന്നു കലക്ടറുടെ മറുപടി. ഇതു പറഞ്ഞതിന് എനിക്കെതിരെ നാളെ പ്രകടനം നടത്തരുതേ. അടുത്തകാലത്തു വന്ന നിതി ആയോഗിന്റെ റിപ്പോർട്ടിൽ കേരളത്തിലെ അതിദാരിദ്ര്യം 0.52 ശതമാനമാണ്. ഈ അര ശതമാനം വരുന്ന ആളുകളെ എങ്ങനെ ദാരിദ്ര്യത്തിൽനിന്നു മോചിപ്പിക്കാം എന്നതിന്റെ ചർച്ച നടക്കുകയാണ്.
2025 നവംബർ 1 ആകുമ്പോഴാണ് കേരളം അതിദാരിദ്ര്യത്തിൽനിന്നു മുക്തമാകുക എന്നാണു കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, 2024ൽ തന്നെ 0.52 ശതമാനത്തിന്റെ 97 ശതമാനത്തെയും മോചിപ്പിക്കാനാകും. 2024 ഡിസംബർ 31 ആകുമ്പോഴേക്കും ഇന്ത്യയിൽ അതിദരിദ്രർ ഇല്ലാത്ത ഒരു സംസ്ഥാനമായി കേരളത്തെ ചൂണ്ടിക്കാട്ടാൻ നമുക്കു കഴിയും’’– കെ.രാധാകൃഷ്ണൻ വ്യക്തമാക്കി.
English Summary: Minister K. Radhakrishnan mocked officials who fell asleep during his speech.