ADVERTISEMENT

മോസ്കോ ∙ വാഗ്‍നർ ഗ്രൂപ്പ് കൂലിപ്പടയുടെ തലവൻ യെവ്ഗെനി പ്രിഗോഷിന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പ്രിഗോഷിന്റെ മൃതദേഹത്തിൽനിന്നു സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കിട്ടിയതായി പുട്ടിൻ പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണു വിമാനാപകടത്തിൽ പ്രിഗോഷിൻ മരിച്ചത്.

വിമാനാപകടത്തെപ്പറ്റി റഷ്യയിൽനിന്നുള്ള പ്രധാനപ്പെട്ട ആദ്യ വിവരമാണിത്. ‘‘അന്വേഷണ സമിതിയുടെ തലവൻ ഏതാനും ദിവസം മുൻപ് എന്നെ നേരിട്ടുകണ്ടു റിപ്പോർട്ട് ചെയ്തിരുന്നു. വിമാനാപകടത്തിൽ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങളിൽ കൈബോംബുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി എന്നാണ് അദ്ദേഹം പറഞ്ഞത്. പുറത്തുനിന്ന് വിമാനത്തിന് ആഘാതം ഉണ്ടായിട്ടില്ല.’’– പുട്ടിൻ പറഞ്ഞു.

യുക്രെയ്നിൽ റഷ്യയ്ക്കായി യുദ്ധം ചെയ്തിരുന്ന വാഗ്‍നർ ഗ്രൂപ്പ് ജൂൺ 24ന് പുട്ടിനെതിരെ തിരിഞ്ഞ് അതിർത്തിയിലെ റോസ്തോവ് നഗരം പിടിച്ച് മോസ്കോയിലേക്ക് മാർച്ച് ചെയ്തിരുന്നു. പിന്നീട് മോസ്കോയിലേക്കുള്ള യാത്രാമധ്യേ സ്വകാര്യ വിമാനം തകർന്നാണു പ്രിഗോഷിനും ഒപ്പമുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടത്. അട്ടിമറിശ്രമത്തിനു പ്രതികാരമായി പ്രിഗോഷിനെ കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. ജനിതക പരീക്ഷണത്തിലൂടെയാണു മരണം സ്ഥിരീകരിച്ചത്. 

യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വിമർശനം ശക്തമാകുന്നതിനിടെയാണ് അന്വേഷണത്തിലെ കണ്ടെത്തലുകൾ പുട്ടിൻ പുറത്തുവിട്ടത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിച്ചിരുന്നു. പ്രിഗോഷിൻ ഉൾപ്പെടെ മരിച്ചവരെ ആരെയും മദ്യം, ലഹരിമരുന്ന് പരിശോധന നടത്താത്തതിനെ പുട്ടിൻ വിമർശിച്ചു. വാഗ്നർ ഗ്രൂപ്പിന്റെ ഓഫിസുകളിൽനിന്ന് 100 ദശലക്ഷം ഡോളർ പണം മാത്രമല്ല, 5 കിലോ കൊക്കെയ്നും പിടിച്ചെടുത്തെന്ന് പുട്ടിൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com