എഫ്ഐആറിൽ പറയുന്ന കാര്യങ്ങൾ വ്യാജവും വസ്തുതാ വിരുദ്ധവും: ന്യൂസ്ക്ലിക്ക് പോർട്ടൽ
Mail This Article
ന്യൂഡൽഹി ∙ ചൈനയിൽനിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന ഡൽഹി പൊലീസിന്റെ ആരോപണം നിഷേധിച്ച് ന്യൂസ്ക്ലിക്ക് വാർത്താ പോർട്ടൽ. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ലജ്ജാകരമായ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് പോർട്ടൽ പ്രതികരിച്ചു. ന്യൂസ്ക്ലിക്ക് പോർട്ടൽ ദേശവിരുദ്ധമായി പ്രവർത്തിച്ചുവെന്ന രീതിയിൽ എഫ്ഐആറിൽ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്നും വസ്തുതകൾക്കു നിരക്കാത്തതാണെന്നും അവർ വ്യക്തമാക്കി.
അക്രമത്തേയോ ഏതെങ്കിലും തരത്തിലുള്ള വിഭജനത്തേയോ മറ്റേതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളേയോ പ്രോൽസാഹിപ്പിച്ചിട്ടില്ലെന്നും ന്യൂസ്ക്ലിക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ മൂന്ന് ഏജൻസികൾ നടത്തിയ പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്താനായിട്ടില്ല. നിലവിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ വസ്തുതകൾക്കു നിരക്കാത്തതാണെന്നും പോർട്ടൽ കൂട്ടിച്ചേർത്തു.
ന്യൂസ്ക്ലിക്ക് സ്ഥാപകനും മാധ്യമപ്രവർത്തകനുമായ പ്രബീർ പുർകായസ്തയും എച്ച്ആർ ഹെഡ് അമിത് ചക്രവർത്തിയും അറസ്റ്റിലായി ദിവസങ്ങൾ പിന്നിടുമ്പോഴാണ് കമ്പനി പ്രസ്താവനയുമായി രംഗത്തുവന്നത്. യുഎപിഎ വകുപ്പുകൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ന്യൂസ്ക്ലിക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗത്തിൽനിന്നും വിദേശഫണ്ട് സ്വീകരിച്ചതായാണ് ഡൽഹി പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ളത്. 88 ഇടങ്ങളിലായി നടത്തിയ റെയ്ഡിനു പിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവർത്തകർ ഉൾപ്പെടെ 10 പേരേക്കൂടി പൊലീസ് തിങ്കളാഴ്ച ചോദ്യം ചെയ്യുമെന്നാണു വിവരം.