ADVERTISEMENT

തിരുവനന്തപുരം∙ എൻഡിഎയുടെ ഭാഗമാകാനുള്ള ദേശീയ നേത‍ൃത്വത്തിന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞ് ജെഡിഎസ് കേരള ഘടകം. എൻഡിഎയിൽ ചേരുന്നുവെന്ന ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം തള്ളിക്കളയുന്നതായും കേരളത്തിലെ ജനതാദൾ എസ് ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുമെന്നും പ്രസിഡന്റ് മാത്യു ടി.തോമസ് വ്യക്തമാക്കി. പാർട്ടിയുടെ നേതൃയോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മാത്യു ടി.തോമസ് ഇടതുപക്ഷത്ത് ഉറച്ചുനിൽക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

‘ഒരു യോഗം പോലും ചേരാതെ, ഒരു തരത്തിലുള്ള ആലോചനയും ഇല്ലാതെയാണ് എൻഡിഎയുമായി സഖ്യമുണ്ടാക്കുമെന്നു ദേശീയ അധ്യക്ഷൻ പ്രഖ്യാപിച്ചത്. ഇതു സംഘടനാതത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്. കേരളത്തിലെ ജനതാദൾ എസ് ദേശീയ നേതൃത്വത്തിന്റെ നീക്കത്തോടൊപ്പമില്ല. ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം ജനതാദൾ എസ് സംസ്ഥാന നിർവാഹക സമിതിയോഗം സമ്പൂർണമായി തള്ളിക്കളയുന്നു. ഞങ്ങൾ ഇടതുപക്ഷത്തെ മതേതരകക്ഷികളുമായി കേരളത്തിൽ നാലു പതിറ്റാണ്ടിൽ അധികമായി തുർന്നുവരുന്ന മുന്നണി ബന്ധം അരക്കിട്ട് ഉറപ്പിച്ച് അവിടെത്തന്നെ തുടരും’– മാത്യു ടി. തോമസ് വിശദീകരിച്ചു.

2006ൽ സമാന സാഹചര്യമുണ്ടായപ്പോൾ ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് ജെഡിഎസ് ഇടതുപക്ഷത്തു തന്നെ തുടരുകയായിരുന്നു. എ‍ഡിഎഫിലെ ഘടകകക്ഷിയായി നിന്നുകൊണ്ടു 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റിൽ മത്സരിക്കുകയും അഞ്ചു സീറ്റിൽ വിജയിക്കുകയും ചെയ്തു. വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിൽ ഞങ്ങളുടെ പ്രതിനിധി മന്ത്രിയാവുകയും ചെയ്തിരുന്നു. നാലര പതിറ്റാണ്ടോളമായി കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പമാണ്. ആ നിലപാടിൽ തന്നെ തുടരും’ – മാത്യു ടി .തോമസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com