കേസ് കെട്ടിച്ചമച്ചത്, ചൈനയിൽനിന്ന് ചില്ലിക്കാശ് സ്വീകരിച്ചിട്ടില്ല: പ്രബീർ പുര്‍കായസ്ത
Mail This Article
ന്യൂഡൽഹി∙ ചൈനയിൽനിന്ന് ചില്ലിക്കാശു പോലും സ്വീകരിച്ചിട്ടില്ലെന്നും തനിക്കെതിരെ ചുമത്തിയത് വ്യാജ കേസാണെന്നും തീവ്രവാദ വിരുദ്ധ വകുപ്പുകൾ ചുമത്തി അറസ്റ്റിലായ ന്യൂസ്ക്ലിക്ക് സ്ഥാപകന്‍ പ്രബീർ പുര്‍കായസ്ത. തനിക്കുനേരെ ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്നും പ്രബീർ പുര്‍കായസ്ത ഡൽഹി ഹൈക്കോടതിയില്‍ പറഞ്ഞു. അറസ്റ്റിനെ ചോദ്യം ചെയ്ത് പുർകായസ്തയും ന്യൂസ് പോർട്ടലിന്റെ ഹ്യൂമൻ റിസോഴ്‌സ് മേധാവി അമിത് ചക്രവർത്തിയും നൽകിയ ഹർജികളില്‍ വാദം കേൾക്കുകയായിരുന്നു കോടതി.
അറസ്റ്റിനെയും പൊലീസ് കസ്റ്റഡിയിൽവിട്ട വിചാരണക്കോടതിയുടെ തീരുമാനത്തേയും ചോദ്യംചെയ്തുകൊണ്ടാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. കുറ്റാരോപിതർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, കേസ് കെട്ടിച്ചമച്ചതാണെന്നും വസ്തുതകൾക്കു നിരക്കാത്തതാണെന്നും പറഞ്ഞു. അറസ്റ്റു ചെയ്യുമ്പോൾ, ചെയ്ത കുറ്റമെന്താണെന്നു പോലും പൊലീസ് പറഞ്ഞിരുന്നില്ല. അഭിഭാഷകരുടെ അസാന്നിധ്യത്തിലാണു വിചാരണക്കോടതി കുറ്റാരോപിതരെ റിമാൻഡു ചെയ്തതെന്നും സിബൽ ചൂണ്ടിക്കാണിച്ചു.
അന്വേഷണ ഏജൻസിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, കേസിന്റെ ഗൗരവം കണക്കിലെടുത്ത് അറസ്റ്റിലായവരെ വിട്ടയക്കരുതെന്ന് കോടതിയിൽ പറഞ്ഞു. കുറ്റാരോപിതർ ചൈനക്കാരന് അയച്ച ഇ–മെയിലിൽ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായ കശ്മീരിനെയും അരുണാചലിനെയും കുറിച്ചു പരാമർശമുണ്ട്. രാജ്യത്തിന്റെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന കേസാണിതെന്നും തുഷാർ മേത്ത പറഞ്ഞു.
ഇരുഭാഗത്തിന്റേയും വാദം കേട്ട കോടതി വിധി പറയൽ പിന്നത്തേക്കു മാറ്റി. ഒക്ടോബർ മൂന്നിനാണ് ന്യൂസ്ക്ലിക്ക് സ്ഥാപൻ പുർകായസ്തയെയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയെയും പൊലീസ് അറസ്റ്റു ചെയ്തത്. ചൈനീസ് ഫണ്ട് സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നതാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. രാജ്യവിരുദ്ധ പ്രവർത്തനങ്ങള്‍ക്കായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗത്തിൽനിന്ന് ന്യൂസ്ക്ലിക്ക് 75 കോടിരൂപ കൈപ്പറ്റിയെന്നും എഫ്ഐആറിൽ ആരോപിക്കുന്നു.