മുഹമ്മദ് ഫൈസലിന് ലോക്സഭാംഗത്വം തിരികെ ലഭിക്കും; ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
Mail This Article
ന്യൂഡൽഹി∙ വധശ്രമക്കേസിൽ കുറ്റക്കാരനെന്ന വിധിയെ തുടർന്നു ലോക്സഭാംഗത്വത്തിൽ നിന്നു വീണ്ടും അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനു ലോക്സഭാംഗത്വം തിരികെ ലഭിക്കും. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രാബല്യം സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണിത്.
ഹൈക്കോടതി ഉത്തരവിനു പിന്നാലെ ഫൈസലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയിരുന്നു. തുടർന്നാണു ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചത്. നിഷ്പക്ഷരായ സാക്ഷികളുടെ അഭാവം കേസിലുണ്ടെന്നു സെഷൻസ് ജഡ്ജി നിരീക്ഷിച്ചിട്ടുണ്ടെന്ന് ഫൈസലിനു വേണ്ടി സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി.
ലോക്സഭാംഗമെന്ന നിലയിലുള്ള കാലാവധി 2024 മേയ് മാസത്തിൽ അവസാനിക്കുമെന്നും ഒരു വർഷത്തിൽ താഴെയെ സമയമുള്ളുവെന്നും സിബൽ വാദിച്ചു. അയോഗ്യത പിൻവലിക്കുന്നതിനെ കേന്ദ്ര സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. ഹർജിയിൽ നോട്ടിസയച്ച കോടതി 4 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കക്ഷികളോട് ആവശ്യപ്പെട്ടു.