‘രാമജന്മഭൂമി തിരിച്ചുപിടിക്കാമെങ്കിൽ പാക്കിസ്ഥാനിൽനിന്ന് സിന്ധ് തിരിച്ചുപിടിക്കാതിരിക്കാൻ ഇന്ത്യയ്ക്കു കാരണമില്ല’
Mail This Article
ലക്നൗ∙ 500 വർഷങ്ങൾക്ക് ശേഷം ശ്രീരാമജന്മഭൂമി തിരിച്ചുപിടിക്കാൻ കഴിയുമെങ്കിൽ, ‘സിന്ധു’വിനെ (ഇപ്പോൾ പാക്കിസ്ഥാനിലുള്ള സിന്ധ് പ്രവിശ്യ) ഇന്ത്യക്ക് തിരിച്ചുപിടിക്കാതിരിക്കാൻ ഒരു കാരണവുമില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിന്ധി കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയ സിന്ധി കൺവൻഷനിൽ പ്രസംഗിക്കുമ്പോഴായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
‘‘500 വർഷങ്ങൾക്ക് ശേഷം അയോധ്യയിൽ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം നിർമിക്കുകയാണ്. ജനുവരിയിൽ പ്രധാനമന്ത്രി രാംലാലയെ അവിടെ വീണ്ടും പ്രതിഷ്ഠിക്കും. 500 വർഷങ്ങൾക്ക് ശേഷം രാമജന്മഭൂമി തിരിച്ചെടുക്കാൻ കഴിയുമെങ്കിൽ സിന്ധുവിനെ തിരിച്ചെടുക്കാതിരിക്കാൻ ഒരു കാരണവുമില്ല.’’– യോഗി പറഞ്ഞു. സിന്ധി സമൂഹം ഇന്ത്യയുടെ സനാതന ധർമത്തിന്റെ അവിഭാജ്യ ഘടകമാണ്. ദുഷ്‌കരമായ സാഹചര്യങ്ങളിലും അവർ പ്രയത്‌നങ്ങളിലൂടെ മുന്നേറി. പൂജ്യത്തിൽനിന്ന് എങ്ങനെ മുകളിലെത്താം എന്നതിന് ഉദാഹരണമാണവർ എന്നു യോഗി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവന വൻ കരഘോഷത്തോടെയാണ് കാണികൾ ഏറ്റെടുത്തതെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. വിഭജനത്തിന് ശേഷം ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് സിന്ധി സമുദായമാണെന്നും സിന്ധി സമുദായം അതിന്റെ ചരിത്രത്തെക്കുറിച്ച് ഇന്നത്തെ തലമുറയോട് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വ്യക്തിയുടെ പിടിവാശിയാണ് വിഭജനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘രാജ്യവിഭജനം നടന്നപ്പോൾ ലക്ഷക്കണക്കിന് ആളുകൾ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇന്ത്യയുടെ ഒരു വലിയ പ്രദേശം പാക്കിസ്ഥാനായി മാറി. മാതൃരാജ്യം വിട്ടുപോകേണ്ടി വന്നതിനാൽ സിന്ധി സമുദായമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത്. ഇന്നും ഭീകരതയുടെ രൂപത്തിലുള്ള വിഭജനത്തിന്റെ ദുരന്തത്തിന്റെ ആഘാതം നാം വഹിക്കേണ്ടിവരുന്നു.’’ – യോഗി ആദിത്യനാഥ് പറഞ്ഞു.
‘‘മനുഷ്യരാശിയുടെ ക്ഷേമത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകണമെങ്കിൽ, സമൂഹത്തിന്റെ ദുഷ്പ്രവണതകൾ അവസാനിപ്പിക്കണം. മതഗ്രന്ഥങ്ങൾ നമുക്ക് അതേ പ്രചോദനം നൽകുന്നു. മനുഷ്യ ക്ഷേമത്തിനായി നന്മയെ സംരക്ഷിക്കുന്നതിനെക്കുറിച്ചും തിന്മ ഇല്ലാതാക്കുന്നതിനെക്കുറിച്ചും ജുലേലാൽ ജിയും ശ്രീകൃഷ്ണനും എല്ലാം സംസാരിച്ചിട്ടുണ്ട്. ഒരു രാജ്യമുള്ളിടത്ത് ഒരു മതമുണ്ട്. മതം ഉള്ളപ്പോൾ എല്ലാവരും നിലനിൽക്കുന്ന ഒരു സമൂഹമുണ്ട്.’’
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ തീവ്രവാദം അതിന്റെ അവസാന പാദങ്ങളിലാണെന്നും യോഗി പറഞ്ഞു. വിഭജനം പോലുള്ള ദുരന്തം ആവർത്തിക്കാതിരിക്കാൻ ‘രാജ്യം ആദ്യം’ എന്ന പ്രതിജ്ഞയെടുക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. ‘‘രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഒപ്പം കളിക്കുന്ന ഏതൊരാൾക്കും തക്കതായ മറുപടി നൽകാൻ നമ്മൾ തയാറായിരിക്കണം.’’– മുഖ്യമന്ത്രി പറഞ്ഞു.