പലസ്തീനെ പിന്തുണച്ച് മിയ ഖലീഫയുടെ ട്വീറ്റ്, വിവാദം; നടിയുമായുള്ള ബിസിനസ് കരാർ റദ്ദാക്കി കനേഡിയൻ ആർജെ
Mail This Article
ന്യൂഡൽഹി∙ ഇസ്രയേൽ–ഹമാസ് യുദ്ധം സംബന്ധിച്ച് മുൻ രതിച്ചിത്ര നടി മിയ ഖലീഫ നടത്തിയ പരാമർശം വിവാദത്തിൽ. ‘പലസ്തീൻ സ്വാതന്ത്ര്യ സമര സേനാനികളോട് അവരുടെ ഫോണുകൾ ശരിയായ രീതിയിൽ പിടിക്കാൻ ആരെങ്കിലും പറയുമോ’ എന്നാണ് ഹമാസ് ആക്രമണം തുടങ്ങിയ ശനിയാഴ്ച മിയ ഖലീസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയർന്നത്. കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോയുമായുള്ള ഒരു ബിസിനസ് ഇടപാടിൽ നിന്ന് താരത്തെ പുറത്താക്കുകയും ചെയ്തു.
മിയ ഖലീഫയുമായി ഒരു കരാർ ഉറപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിലായിരുന്ന ഷാപ്പിറോ, ഇതിൽനിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ചു. “ഇതൊരു ഭീകരമായ ട്വീറ്റാണ് മിയ ഖലീഫ. നിങ്ങളെ ഉടൻ തന്നെ പുറത്താക്കിയിരിക്കുന്നു. ഇതു വെറുപ്പുളവാക്കുന്നതാണ്, അതിനും അപ്പുറമാണ്. ദയവായി ഒരു മെച്ചപ്പെട്ട മനുഷ്യനാകൂ. മരണം, ബലാത്സംഗം, മർദനം, ബന്ദിയാക്കൽ എന്നിവ നിങ്ങൾ അംഗീകരിക്കുന്നു എന്ന വസ്തുത തീർത്തും മോശമാണ്. നിങ്ങളുടെ അജ്ഞത വിശദീകരിക്കാൻ വാക്കുകൾക്ക് കഴിയില്ല. ദുരന്തമുഖത്ത് നമ്മൾ മനുഷ്യർ ഒരുമിച്ചുനിൽക്കണം. നിങ്ങൾ ഒരു മികച്ച വ്യക്തിയാകാൻ ഞാൻ പ്രാർഥിക്കുന്നു. എങ്കിലും വളരെ വൈകിപ്പോയെന്ന് എനിക്ക് തോന്നു.’’– ഷിപ്പിറോ എക്സിൽ കുറിച്ചു.
ഇതിനു മറുപടിയുമായി മിയ ഖലീഫ രംഗത്തെത്തി. ‘‘പലസ്തീനെ പിന്തുണയ്ക്കുന്നത് എനിക്ക് ബിസിനസ് അവസരം നഷ്ടപ്പെടുത്തി. എന്നാൽ ഞാൻ സയണിസ്റ്റുകളുമായി (ജൂതരാജ്യം ആവശ്യപ്പെടുന്നവർ) ബിസിനസിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാത്തതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു. എന്റെ തെറ്റ്.’’– താരം കുറിച്ചു. തന്റെ വിവാദപരമായ പോസ്റ്റിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.‘‘ഈ പ്രസ്താവന ഒരു തരത്തിലും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, സ്വാതന്ത്ര്യ സമരസേനാനികൾ എന്ന് ഞാൻ പ്രത്യേകം പറഞ്ഞു, കാരണം അവർ പലസ്തീൻ പൗരന്മാർ അതാണ് ... എല്ലാ ദിവസവും സ്വാതന്ത്ര്യത്തിനായി പോരാടുന്നു.’’