ടൈറ്റൻ ദുരന്തം: അവശിഷ്ടങ്ങൾ വീണ്ടെടുക്കൽ പൂർത്തിയായെന്ന് യുഎസ് കോസ്റ്റ്ഗാർഡ്
Mail This Article
വാഷിങ്ടൻ ∙ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സമുദ്രാന്തർ ഭാഗത്തേക്കുപോയി തകർന്ന ടൈറ്റന്‍ പേടകത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ വീണ്ടെടുക്കുന്നത് പൂർത്തിയായെന്നു യുഎസ് കോസ്റ്റ്ഗാർഡ്. കണ്ടെടുത്ത മൃതദേഹശേഷിപ്പുകളെന്നു കരുതുന്ന ഭാഗങ്ങൾ യുഎസ് മെഡിക്കൽ വിദഗ്ധർ പരിശോധിക്കും. 1912 ൽ മഞ്ഞുമലയിൽ ഇടിച്ചു തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ 5 യാത്രക്കാരുമായാണു ഓഷൻഗേറ്റ് ടൈറ്റൻ പേടകം വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലിറങ്ങിയത്.
ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്. ജൂൺ 18നാണു പേടകം കാണാതായത്. ജൂൺ 23നു അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടെന്നു സ്ഥിരീകരിച്ചു.