ADVERTISEMENT

പത്തനംതിട്ട/ കൊച്ചി∙ കേരളത്തെ നടുക്കിയ പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിക്കേസിന് ഇന്ന് ഒരു വയസ്സ്. ഭഗവൽസിങ്ങിന്റെ വീടിന്റെ പരിസരത്തുനിന്നു നരബലിക്ക് ഇരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതും പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിങ്, ലൈല എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും 2022 ഒക്ടോബർ 11ന് ആയിരുന്നു.  കേസിൽ പ്രതികളെല്ലാം അറസ്റ്റിലായെങ്കിലും ഇന്നും കേരളത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല. അതിനിടെയാണ് ചുരുളഴിയാത്ത മറ്റൊരു കേസിലും ‘നരബലി സംഘ’ത്തെ സംശയിച്ച് ക്രൈം ബ്രാഞ്ച് രംഗത്തുവരുന്നത്. 

2014 ല്‍ പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി സരോജിനി കൊല്ലപ്പെട്ടതിന്റെ അന്വേഷണമാണ് ഇരട്ട നരബലിക്കേസിലെ പ്രതികളിലേക്ക് എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം എറണാകുളത്തെ ജയിലിലെത്തി ഹമ്മദ് ഷാഫി, ഭഗവൽസിങ്, ലൈല എന്നിവരെ ചോദ്യം ചെയ്തതതായാണ്  വിവരം.  ഇലന്തൂരിലെ നരബലിക്കേസിന് സമാനമാണ് സരോജനിയുടെയും മരണമെന്ന് കാട്ടിയാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. 

2014 സെപ്റ്റംബര്‍ 14ന് രാവിലെയാണ് നെല്ലിക്കാലാ സ്വദേശിനി 59 വയസുള്ള സരോജിനിയുടെ മൃതദേഹം വഴിയരികില്‍ കാണുന്നത്. ദേഹമാസകലം 46 മുറിവുകള്‍ കണ്ടെത്തി. മിക്കതും ഇരു കൈകളിലുമായിരുന്നു. ഒരു കൈ അറ്റനിലയിലായിരുന്നു. രക്തം പൂര്‍ണമായും വാര്‍ന്നുപോയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കേസ് ആദ്യം ലോക്കൽ പൊലീസും, 2018 മുതൽ ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും കൊലയാളി ആരെന്ന് കണ്ടെത്താനായില്ല. നരബലി നടന്ന വീടിന്‍റെ ഒന്നര കിലോമീറ്റര്‍ മാറിയാണ് സരോജിനിയുടെ വീട്. 

നരബലി നടന്ന ഇലന്തൂരിലെ ഭഗവൽസിങ്ങിന്റെ വീട്. 				ചിത്രം: മനോരമ
നരബലി നടന്ന ഇലന്തൂരിലെ ഭഗവൽസിങ്ങിന്റെ വീട്. ചിത്രം: മനോരമ

 ഈ കേസിൽ കാര്യമായ അന്വേഷണ പുരോഗതി ഇല്ലാതിരിക്കെയാണ്,  കഴിഞ്ഞവർഷം നരബലിയുടെ വിവരങ്ങൾ പുറത്ത് വരുന്നതും കേസിൽ മൂന്നു പേർ അറസ്റ്റിലാകുന്നതും. തുടർന്ന്  ഈ കൊലപാതകങ്ങൾക്ക് സമാനമാണ് സരോജിനിയുടേതെന്ന്  കാട്ടി എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ പ്രതികളെ ചോദ്യം ചെയ്യാൻ അപേക്ഷ നൽകി.

ഷാഫി
ഷാഫി

സരോജിനിയെ കാണാതായ സമയത്ത് നരബലിക്കേസിലെ പ്രതി ഭഗവൽ സിങ് ഇതേ ടവർ ലോക്കേഷനിൽ ഉണ്ടായിരുന്നു എന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. അന്ന് വൈകിട്ട് ആറുമണിക്കും രാത്രി 11 നും ഇടയിൽ ഇയാൾ സംശയകരമായ കോളുകൾ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സരോജനിയുടെ ശരീരത്തിൽ കാണപ്പെട്ട, അവരുടെ മരണത്തിന് കാരണമായ വലുതും ചെറുതുമായ 42 മുറിവുകൾ ഇരു കൈകളുടെയും തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗത്താണ്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ മുറിവുണ്ടാക്കാതെ ഇവിടെമാത്രം മുറിവുകളുണ്ടാക്കിയിട്ടുള്ള കൊലപാതകരീതി നലബലിക്കേസിന്റെതിന് സമാനമാണെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു.  

നരബലി കേസിലെ ഇരകളായ രണ്ട് സ്ത്രീകളുടെ സമാനമായ പ്രായവും, ജീവിത സാഹചര്യവുമായിരുന്നു സരോജിനിയുടേതെന്നും ഇവർ പറയുന്നു. സമാനമായ ലക്ഷ്യത്തിനു വേണ്ടിയുള്ള കൊലപാതകം ആയിരുന്നോ സരോജിനിയുടേതുമെന്ന് കണ്ടെത്തണമെന്നാണ് ക്രൈംബ്രാഞ്ച്  അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിൽ പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതിയും നൽകിയിരുന്നു. നരബലിയിൽ കൂടുതൽ ഇരകൾ ഉണ്ടായിരിക്കാമെന്ന സംശയം ശക്തമാക്കുകയാണ് പൊലീസിന്റെ നിലവിലെ നീക്കം.

ഇലന്തൂരിൽ നരബലി നടന്ന സ്ഥലത്ത് ഭഗവൽ സിങ്ങിനെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ. ചിത്രം: മനോരമ
ഇലന്തൂരിൽ നരബലി നടന്ന സ്ഥലത്ത് ഭഗവൽ സിങ്ങിനെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ. ചിത്രം: മനോരമ

നാടു നടുങ്ങിയ ദിനം!

2022 ഒക്ടോബർ 10. തിരുവല്ലയിൽ നരബലിയെന്നു സംശയമെന്ന വാർത്തകളോടെയാണു അന്നത്തെ ദിവസം ചർച്ചകൾ തുടങ്ങിയത്. ആദ്യം തിരുവല്ലയിലേക്കു പാഞ്ഞ മാധ്യമ വാഹനങ്ങൾ വൈകാതെ ഇലന്തൂരിലേക്കു വച്ചുപിടിച്ചു. നാട് ഭഗവൽസിങ്ങിന്റ വീട് ലക്ഷ്യമാക്കി ഓടിയെത്തി. വീടിനു മുന്നിൽ ബാരിക്കേ‍ഡുകൾ നിരന്നു, മതിലിനു മുകളിലും റബർ തോട്ടത്തിലുമെല്ലാം ജനക്കൂട്ടം കാത്തുനിന്നു. കേരളത്തെ നടുക്കിയ ഇരട്ട നരബലി കേസിലെ ഇലന്തൂരിലെ ആദ്യ രംഗം ഇതായിരുന്നു.

സാമ്പത്തിക അഭിവൃദ്ധിക്കായി സ്ത്രീകളെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ചാൽ മതിയെന്നു എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാഫി(52), വിശ്വസിപ്പിച്ചതിനെ തുടർന്ന്,  തിരുമ്മു ചികിൽസകനായ ഇലന്തൂരിലെ കെ.വി.ഭഗവൽസിങ് (67), ഭാര്യ ലൈല (58) എന്നിവർ ലോട്ടറി വിൽപനക്കാരായ കാലടി സ്വദേശി റോസ്‌ലിയെയും(49), തമിഴ്നാട് സ്വദേശി പത്മ(52)ത്തെയും ഇലന്തൂരിലെത്തിച്ചു ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നാണു കേസ്.

കാണാതായ പത്മത്തെത്തേടിയുള്ള അന്വേഷണത്തിൽ പത്മം കയറിയ വാഹനം കണ്ടെത്താനുള്ള ശ്രമമാണു കൊച്ചി കടവന്ത്ര പൊലീസിനെ ഇലന്തൂരിലെത്തിച്ചത്. ഭഗവൽസിങ്ങിന്റെ തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ ഈ വാഹനം പതിഞ്ഞിരുന്നു. 10ന് രാവിലെ തന്നെ ഭഗവൽസിങ്ങിനെയും ഭാര്യ ലൈലയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊന്നുരുന്നി പഞ്ചവടി കോളനിയിലെ താമസക്കാരി പത്മത്തെ കാണാനില്ലെന്ന പരാതി 2022 സെപ്റ്റംബർ 26നാണ് കടവന്ത്ര പൊലീസിനു ലഭിച്ചത്.

കാലടി മറ്റൂരിൽനിന്നു കാണാതായ ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലിയെയും (49) സമാനമായ രീതിയിൽ ഈ സംഘം കൊലപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി. കൊലപാതകം, കൂട്ടപീഡനം, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവു നശിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണു പൊലീസ് ചുമത്തിയത്. ഷാഫിയുടെ പണക്കൊതിയും സ്വഭാവ വൈകൃതവും മറ്റു പ്രതികളുടെ അന്ധവിശ്വാസവും ഒത്തുവന്നതാണു നരബലിക്ക് കാരണമായതെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. മുഹമ്മദ് ഷാഫിയും ഭഗവൽസിങ്ങും ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. ലൈല കാക്കനാട്ടെ ജയിലിലും. കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. സ്ത്രീയെന്ന പരിഗണനയിൽ ജാമ്യത്തിനായി ലൈല 2 തവണ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല.

ഷാഫി
ഷാഫി

അപൂർവങ്ങളിൽ അപൂർവം

2023 ജനുവരി 6നാണ് പത്മത്തിന്റെ കൊലപാതകത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നാണു കുറ്റപത്രത്തിൽ വിശേഷിപ്പിച്ചത്. ഭഗവൽസിങ്ങിന്റെ വീടിന്റെ പരിസരത്തു 4 കുഴികളിലായാണു 2 സ്ത്രീകളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജൂൺ എട്ടിന് റോസ്‌ലിയെ കൊലപ്പെടുത്തിയിരുന്നു. പത്മത്തിടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തിരുമ്മു കേന്ദ്രത്തിന്റെ വശത്തെ കുഴിയിലും റോസ്‌ലിയുടെ മൃതദേഹ അവശിഷ്ടങ്ങൾ അലക്കുകല്ലിനു സമീപവും കുഴിച്ചിട്ട നിലയിലായിരുന്നു.

പത്മ
പത്മ

ശ്രീദേവി എന്ന വ്യാജ എഫ്ബി പ്രൊഫൈലിലൂടെ ഭഗവൽസിങ്ങിനെ കുടുക്കിയ ഷാഫി ശ്രീദേവി പറഞ്ഞ സിദ്ധനായാണു ഭഗവൽസിങ്ങിന്റെ മുന്നിലെത്തിയത്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ നരബലി നല്ലതാണെന്നു ബോധ്യപ്പെടുത്തിയാണു തട്ടിപ്പ് നടത്തിയത്. പൂജകൾക്കായി ഇലന്തൂരിലെത്തിയ ഷാഫി തന്നെയാണു സ്ത്രീകളെ കണ്ടെത്തി എത്തിച്ചത്. ഇതിനായി പണവും വാങ്ങി. ജോലിയും പണവും വാഗ്ദാനം ചെയ്താണു ഷാഫി സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ചത്. പ്രതികൾ 3 പേരും ചേർന്നു സ്ത്രീകളെ കൈകാലുകൾ കെട്ടിയിട്ടു കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണു കേസ്.

ഇരട്ട നരബലിക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെ കൊച്ചിയിൽ കോടതിയിൽ ഹാജരാക്കിയതിനു ശേഷം ജീപ്പിലേക്കു കയറ്റുന്നു. ചിത്രം: മനോരമ
ഇരട്ട നരബലിക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെ കൊച്ചിയിൽ കോടതിയിൽ ഹാജരാക്കിയതിനു ശേഷം ജീപ്പിലേക്കു കയറ്റുന്നു. ചിത്രം: മനോരമ

ആദ്യ നരബലി ഫലം കണ്ടില്ലെന്നു പറഞ്ഞാണു രണ്ടാമത്തെ കൊല നടത്തിയത്. രക്തം വീടിന്റെ വിവിധ ഭാഗങ്ങളിൽ തളിച്ച ശേഷം ശരീരം കഷണങ്ങളായി നുറുക്കി കുഴിച്ചിട്ടു. മൂന്നു പ്രതികളും മനുഷ്യമാംസം കഴിച്ചെന്നും കണ്ടെത്തിയിരുന്നു. മുൻപും നരബലിക്കായി ഇവർ സ്ത്രീകളെ സമീപിച്ചതായും സാക്ഷി മൊഴികളുണ്ട്. മാംസം പാകം ചെയ്ത പാത്രങ്ങൾ, കൊല നടത്താൻ ഉപയോഗിച്ച ആയുധങ്ങൾ എന്നിവയും നിർണായക തെളിവുകളായി.റോസ്‌ലിയുടെ കൊലപാതകത്തിന്റെ കുറ്റപത്രം ജനുവരി 22ന് കോടതിയിൽ സമർപ്പിച്ചു. മാംസം പാകം ചെയ്തു ഭക്ഷിക്കുകയും ഫ്രിജിൽ സൂക്ഷിക്കുകയും ചെയ്ത പ്രതികൾ ബാക്കി ഭാഗം പറമ്പിൽ കുഴിച്ചിട്ടതായും കുറ്റപത്രത്തിലുണ്ട്. റോസ്‌ലിയുടെ മോതിരം ഇലന്തൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയതായും അന്വേഷണ സംഘം കണ്ടെത്തി. ഡിഎൻഎ പരിശോധനയിലൂടെയാണു മരിച്ചതു പത്മവും റോസ്‌ലിയുമാണെന്നു പൊലീസ് സ്ഥിരീകരിച്ചത്.

English Summary:

One year of Elanthoor human sacrifice case; Prob against human sacrifice accused in sarojini murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com