നാടൻ പാട്ട് കലാകാരൻ രാജേഷ് കരുവന്തല അന്തരിച്ചു
Mail This Article
വെങ്കിടങ്ങ് ∙ പ്രമുഖ നാടൻ പാട്ട് കലാകാരൻ രാജേഷ് കരുവന്തല (47) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു. കരുവന്തല മേലേടത്ത് പരേതനായ പത്മനാഭന്റെയും സീമന്തിനിയുടയും മകനാണ്. 18 വർഷമായി ഖത്തറിൽ സുപ്രീം എജ്യുക്കേഷൻ കൗൺസിൽ ഓഫിസിൽ ജീവനക്കാരനാണ്.
ജോലിക്കെത്താത്തതിനെ തുടർന്ന് താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയവരാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ഖത്തറിലെ ഹമദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഫെയ്സ്ബുക്, യുട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് രാജേഷ് കൂടുതലും പാട്ടുകൾ പാടിയിരുന്നത്.
സ്വന്തമായി പാട്ടുകളെഴുതുകയും ആൽബങ്ങളിൽ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മിമിക്രിയിലും തിളങ്ങി. കോവിഡ് കാലത്ത് ജാഗ്രത സന്ദേശം വരികളിലാക്കി നാടൻ പാട്ടിന്റെ താളത്തിൽ അവതരിപ്പിച്ചത് തരംഗമായി. കഴിഞ്ഞ ഓണത്തിന് നാട്ടിൽ എത്തിയ ഇദ്ദേഹം അവധി കഴിഞ്ഞ് 20 ദിവസം മുൻപാണ് മടങ്ങിയത്. ഭാര്യ: ലത. മക്കൾ: ആഘോഷ്, ആമ്പൽ.
അറുമുഖന് പിന്നാലെ രാജേഷിന്റെ ഇൗണവും നിലച്ചു; നാടൻപാട്ട് രംഗത്ത് തീരാനഷ്ടം
വെങ്കിടങ്ങ് ∙ പ്രമുഖ നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് മരണപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ നാട്ടുകാരനായ മറ്റൊരു പ്രമുഖ നാടൻ പാട്ടുകാരനായ രാജേഷ് കരുവന്തലയുടെ അപ്രതീക്ഷിത മരണം നാടിന് ഞെട്ടലായി. നാട്ടുകരാനായ അന്തരിച്ച അറുമുഖൻ വെങ്കിടങ്ങിന്റെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. അവധിക്ക് നാട്ടിലെത്തിയാൽ ഇവിടത്തെ നിത്യ സന്ദർശകനുമായിരുന്നു.
നാട്ടിലെ അവധിക്കാലം ചെറുതും വലുതുമായ ഗാനസദസ്സുകൾക്കൊണ്ട് സമ്പന്നമാക്കി.
ഇക്കഴിഞ്ഞ ഓണക്കാലത്ത് പഞ്ചായത്തിന്റെയും സമീപ പ്രദേശത്തെ സംഘടനകളുടെയും ഓണാഘോഷങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ജില്ലാ സൗഹൃദവേദി പുരസ്കാരം, സംസ്കൃതി ഖത്തർ പുരസ്കാരം, ഫ്രണ്ട്സ് ഓഫ് തൃശൂർ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. വെങ്കിടങ്ങ് പഞ്ചായത്ത്, തൃശൂർ ലയൺസ് ക്ലബ്, വിശ്വഭാരതി വെങ്കിടങ്ങ് എന്നിവയുടെ ആദരവും ലഭിച്ചു.