9 മാസത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 470.54 കോടി രൂപ
Mail This Article
ബെംഗളൂരു∙ ഐടി സാങ്കേതികവിദ്യാ നഗരമായ ബെംഗളൂരുവിൽ 9 മാസത്തിനിടെ നഗരവാസികൾക്ക് സൈബർ തട്ടിപ്പിലൂടെ പ്രതിദിനം നഷ്ടമായത് ശരാശരി 1.71 കോടി രൂപ. ജനുവരി മുതൽ റിപ്പോർട്ട് ചെയ്തത് 12615 കേസുകൾ. ഇതിൽ കൂടുതലും ഓൺലൈൻ തൊഴിൽ തട്ടിപ്പ്, ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് തട്ടിപ്പ്, ഓൺലൈൻ ബാങ്കിങ് തട്ടിപ്പ് കേസുകളാണ്. ഇവയിലായി നഷ്ടമായത് 470.54 കോടി രൂപ. ഇതിൽ പൊലീസിനു തിരിച്ചുപിടിക്കാനായത് 28.4 കോടി രൂപ മാത്രം.
ജോലി, ലോൺ ആപ്, ഹണിട്രാപ്
ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 204 കോടി രൂപയുടെ തട്ടിപ്പാണ് ജനുവരി മുതൽ സെപ്റ്റംബർ വരെ നടന്നത്. ആകർഷക ശമ്പളം വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികൾക്ക് വിവിധ കടമ്പകൾ നൽകി വിശ്വാസം പിടിച്ചുപറ്റിയ ശേഷം പണം തട്ടിയെടുക്കുന്നതാണ് രീതി. 24.6 കോടി രൂപയുടെ തട്ടിപ്പാണ് ബിറ്റ്കോയിൻ, ലോൺ ആപ് ഇടപാടുകളിലൂടെ 9 മാസങ്ങളിലായി നടന്നത്. ഇതിൽ 73.14 ലക്ഷം രൂപ പൊലീസ് തിരിച്ചുപിടിച്ചു.
പണം ചോരുന്ന വഴിയറിയില്ല
നമ്മുടെ സ്വന്തം എടിഎം കാർഡും ക്രെഡിറ്റ് കാർഡും കൈയിലിരിക്കുമ്പോൾ തന്നെ ദൂരെയെങ്ങോ നമ്മുടെ പണം പിൻവലിക്കപ്പെടുന്നത് നോക്കി നിൽക്കേണ്ടി വരുന്ന ദുരവസ്ഥയാണ് പലപ്പോഴും. അക്കൗണ്ടിൽ നിന്ന് പണം ചോരുന്നുവെന്ന് മനസ്സിലാക്കുമ്പോഴേക്കും വലിയ സംഖ്യകൾ പിൻവലിക്കപ്പെട്ടു കഴിഞ്ഞിരിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ വൺടൈം പാസ് വേഡ് (ഒടിപി) നിഷ്പ്രയാസം തട്ടിപ്പുകാർ കണ്ടു പിടിക്കുന്നു. ജനത്തിന് വേണ്ടത്ര ബോധവൽക്കരണം നൽകുന്നതു മാത്രമാണ് തട്ടിപ്പുകളിൽ പെടാതിരിക്കാനുള്ള പോംവഴിയെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു.
ശ്രദ്ധിക്കാം
∙ വാട്സാപ്പിലും ഇ–മെയിലിലും മറ്റും ലഭിക്കുന്ന അനാവശ്യ ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുക
∙ ഒടിപി, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വിവരങ്ങൾ ഒരുകാരണവശാലും മറ്റുള്ളവർക്ക് കൈമാറരുത്.
∙ തട്ടിപ്പിന് ഇരയായെന്നു ബോധ്യപ്പെട്ടാൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനായി 1930 എന്ന ഹെൽപ് ലൈനിൽ വിളിച്ച് പൊലീസിനെ വിവരമറിയിക്കാം.
സൈബർ തട്ടിപ്പിന് ഇരയായവർക്ക് മനോരമയുമായി അനുഭവം പങ്കുവയ്ക്കാം. blrmanorama@gmail.com എന്ന ഇ–മെയിലിൽ ഞങ്ങളെ എഴുതി അറിയിക്കാം.