ഭീകരവാദം ലോകത്തിനാകെ വെല്ലുവിളി; ഇന്ത്യ ഭീകരവാദത്തിനെതിരെ പോരാടുന്നു: പ്രധാനമന്ത്രി
Mail This Article
ന്യൂഡൽഹി∙ ഭീകരവാദം ലോകത്തിനാകെ വെല്ലുവിളിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഭീകരവാദത്തിനെതിരെ പോരാടുന്നു. ഭീകരവാദം ഏതുരൂപത്തിലുള്ളതായാലും ചെറുത്തു തോൽപ്പിക്കണം. ഭീകരവാദത്തിനെതിരെ ഒന്നിച്ചുനിൽക്കാനാവാത്തതു ഖേദകരമെന്നും പ്രധാനമന്ത്രി പറഞ്ഞു. 9-ാമത് ജി20 പാർലമെന്ററി സ്പീക്കേഴ്‌സ് ഉച്ചകോടി (പി20) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ഉച്ചകോടി ലോകത്തിന്റെ പാർലമെന്ററി സമ്പ്രദായങ്ങളുടെ ‘മഹാകുംഭം’ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘ഇന്ത്യ അതിർത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുകയാണ്. 20 വർഷം മുൻപ്, സമ്മേളനം നടക്കുന്ന സമയത്ത് പാർലമെന്റിനെ ഭീകരർ ലക്ഷ്യം വച്ചിരുന്നു. ഭീകരവാദം ലോകത്തിനു വെല്ലുവിളിയാണെന്നും അതു മനുഷ്യരാശിക്കെതിരാണന്നും ലോകവും തിരിച്ചറിയുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എങ്ങനെ ഒരുമിച്ചു പ്രവർത്തിക്കാമെന്നു ലോകത്തിലെ പാർലമെന്റുകളും അതിന്റെ പ്രതിനിധികളും ചിന്തിക്കണം.
സംഘർഷങ്ങളും ഏറ്റുമുട്ടലുകളും നിറഞ്ഞ ഒരു ലോകം ആർക്കും പ്രയോജനം ചെയ്യില്ല. വിഭജിക്കപ്പെട്ട ലോകത്തിനു നമ്മുടെ മുന്നിലുള്ള വെല്ലുവിളികൾക്കു പരിഹാരം നൽകാൻ കഴിയില്ല. ഇതു സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള സമയമാണ്. ഒരുമിച്ചു നീങ്ങേണ്ട സമയമാണ്. ഒരുമിച്ചു മുന്നേറേണ്ട സമയമാണ്. എല്ലാവരുടെയും വികസനത്തിനും ക്ഷേമത്തിനുമുള്ള സമയമാണ്’’– പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പാർലമെന്റിൽ വനിതാ ബിൽ പാസ്സാക്കിയതിനെയും പ്രധാനമന്ത്രി പരാമർശിച്ചു. ‘‘പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം നൽകാൻ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 32 ലക്ഷത്തോളം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുണ്ട്. ഇവരിൽ 50% വനിതാ പ്രതിനിധികളാണ്. ഇന്ത്യ ഇന്ന് എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു’’– അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ, പൊതു തിരഞ്ഞെടുപ്പിനെയും പ്രധാനമന്ത്രി പരാമർശിച്ചു. ‘‘ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പുകൾ ഏറ്റവും വലിയ ഉത്സവമായി കണക്കാക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ 17 പൊതു തിരഞ്ഞെടുപ്പുകളും 300 ലധികം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും കണ്ടു. ഇന്ത്യ നടത്തുന്നത് ഏറ്റവും വലിയ തിരഞ്ഞെടുപ്പ് മാത്രമല്ല, ജങ്ങളുടെ പങ്കാളിത്തവുമാണ്. അതു തുടർച്ചയായി വർധിച്ചുവരികയാണ്. ഇന്ത്യയിലെ 2019ലെ പൊതുതിരഞ്ഞെടുപ്പ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായിരുന്നു. 600 മില്യൻ വോട്ടർമാർ ഈ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. 2019ലെ തിരഞ്ഞെടുപ്പിലെ 70% വോട്ടുകളും ഇന്ത്യയിലെ പാർലമെന്ററി സമ്പ്രദായത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ കാണിക്കുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ 600-ലധികം രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തു’’– അദ്ദേഹം കൂട്ടിച്ചേർത്തു.