‘വടക്കുള്ളവർ തെക്കോട്ടു പോവൂ’: ഗാസ നിവാസികൾക്ക് ‘സുരക്ഷിത’ ഇടനാഴിയുമായി ഇസ്രയേൽ സൈന്യം; മാറാന്‍ 3 മണിക്കൂര്‍ സമയപരിധി
Mail This Article
ജറുസലം∙ വടക്കൻ ഗാസയിൽ താമസിക്കുന്നവർക്ക് തെക്കൻ ഭാഗത്തേക്കു പോകാൻ ഇസ്രയേൽ സൈന്യം ‘സുരക്ഷിത’ ഇടനാഴി തുറന്നു. പ്രാദേശിക സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ 3 മണിക്കൂർ ഈ ഇടനാഴിയിൽ ഒരു ഓപ്പറേഷനും നടത്തില്ലെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു.
‘‘ഗാസ നഗരത്തിലെയും വടക്കൻ ഗാസയിലെയും നിവാസികളേ, കഴിഞ്ഞ ദിവസങ്ങളിൽ, നിങ്ങളുടെ സുരക്ഷയ്ക്കായി തെക്കൻ പ്രദേശത്തേക്കു മാറാൻ ഞങ്ങൾ നിങ്ങളോട് അഭ്യർഥിച്ചിരുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ഈ റൂട്ടിൽ ഐഡിഎഫ് ഒരു ഓപ്പറേഷനും നടത്തില്ലെന്നു ഞങ്ങൾ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. വടക്കൻ ഗാസയിൽനിന്ന് തെക്കോട്ട് നീങ്ങാനുള്ള അവസരം ഉപയോഗിക്കുക’’– ഇസ്രയേൽ സൈന്യം അറിയിച്ചു.
ഗാസ നിവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ പ്രധാനമാണെന്നും സൈന്യം വ്യക്തമാക്കി. ‘‘ദയവായി ഞങ്ങളുടെ നിർദേശങ്ങൾ പാലിച്ചു തെക്കോട്ട് പോകുക. ഹമാസ് നേതാക്കൾ ഇതിനകം അവരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്’’– പോസ്റ്റിൽ പറയുന്നു.
തെക്കൻ ഗാസയിലേക്ക് ആളുകള്‍ പോകുന്നത് ഹമാസ് തടയുന്നതായി അവകാശപ്പെടുന്ന ചിത്രങ്ങൾ ഇന്ന് രാവിലെ ഇസ്രയേൽ സൈന്യം പുറത്തുവിട്ടിരുന്നു. ഇസ്രയേൽ സ്‌ഫോടനങ്ങൾ നടത്തുമെന്ന് അറിയാവുന്ന സ്ഥലങ്ങളിൽ ഹമാസ് ബോധപൂർവം ആളുകളെ ബന്ദികളാക്കിയിരിക്കുകയാണെന്ന് ഇസ്രയേൽ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആരോപിച്ചു.