ഇന്ത്യ എല്ലായ്‌പ്പോഴും പലസ്തീനൊപ്പം നിന്നു; മോദിയുടെ നിലപാട് ദൗർഭാഗ്യകരം: ശരദ് പവാർ
Mail This Article
മുംബൈ∙ ഇസ്രയേൽ പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ എല്ലായ്‌പ്പോഴും പലസ്തീനായി നിലനിന്നിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ നിലപാട് ദൗർഭാഗ്യകരമാണെന്നും എൻസിപി മേധാവി ശരദ് പവാർ. മുംബൈയിൽ എൻസിപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാർ പലസ്തീനൊപ്പം ഉറച്ചുനിന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘‘നമുക്ക് ലോകത്ത് സമാധാനം വേണം. ഇപ്പോൾ ഇസ്രയേലും പലസ്തീനും തമ്മിൽ യുദ്ധം നടക്കുന്നു. പലസ്തീന്റെ സ്ഥലം മുഴുവൻ ഇസ്രയേൽ കൈയേറിയതാണ്. ആ സ്ഥലമെല്ലാം പലസ്തീന്റേതായിരുന്നു. പിന്നീട് ഇസ്രയേൽ കയ്യടക്കി. ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയ പ്രധാനമന്ത്രിമാർക്ക് ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ഒരേ നിലപാടായിരുന്നു. അത് എക്കാലവും ഇന്ത്യൻ സർക്കാരിന്റെ നിലപാടായിരുന്നു. ഇന്ത്യ ഒരിക്കലും മറ്റാരുടെയും കൂടെ നിന്നിട്ടില്ല. ഇന്ത്യ എപ്പോഴും സ്ഥലത്തിന്റെ യഥാർഥ അവകാശികൾക്കൊപ്പമാണ് നിലകൊണ്ടത്’’– അദ്ദേഹം പറഞ്ഞു.
‘‘ആദ്യമായി നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർഥ വിഷയം മറന്ന് ഇസ്രയേലിനൊപ്പം നിൽക്കുന്നത് ദൗർഭാഗ്യകരമാണ്. അദ്ദേഹം യഥാർഥ വിഷയം അവഗണിച്ചു. നമ്മുടെ നിലപാടിനെക്കുറിച്ച് നമുക്ക് വ്യക്തത വേണം. എൻസിപിയുടെ നിലപാട് വ്യക്തമാണ്. ആ സ്ഥലത്ത് ആദ്യം ഉണ്ടായിരുന്ന ആളുകൾക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നത്’’– അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവിടെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തതിന് പിന്നാലെയാണ് പവാറിന്റെ പ്രതികരണം. ഒക്ടോബർ 10ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിശദീകരിച്ചിരുന്നു.