ADVERTISEMENT

ന്യൂഡൽഹി∙ ഭീകരപ്രവർത്തനങ്ങളും ലഹരിമരുന്ന് കടത്തും നേരിടാൻ മധ്യ ഏഷ്യൻ രാജ്യങ്ങൾക്ക് സഹായം നൽകാൻ ഇന്ത്യ തയാറാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.  കസഖ്സഥാനിൽ സംഘടിപ്പിച്ച മധ്യ ഏഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകം വൻ പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് യോഗം ചേര‍ുന്നതെന്നും ഡോവൽ പറഞ്ഞു. ‘‘ചർച്ചയിലൂടെ മാത്രമേ പല പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കും പരിഹാരം കാണാൻ സാധിക്കൂ. എല്ലാ തർക്കങ്ങൾക്കും നയതന്ത്രപരമായി പരിഹാരം കാണാൻ സാധിക്കും. ഇതേ നിലപാടാണ് ഇന്ത്യ എല്ലാ മധ്യ ഏഷ്യൻ രാജ്യങ്ങളോടും പുലർത്തുന്നത്. ഭീകരപ്രവർത്തനമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. ഒരു തരത്തിലുള്ള ഭീകര പ്രവർത്തനവും അംഗീകരിക്കാൻ സാധിക്കില്ല. ഭീകര സംഘടനകളും മാഫിയകളും ലഹരിമരുന്ന് കടത്തുന്നതും വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്.

‘‘സൈബർ സുരക്ഷ ശക്തമാക്കുന്നതിന് മധ്യ ഏഷ്യൻ രാജ്യങ്ങൾക്ക് സഹായം നൽകാൻ ഇന്ത്യ തയാറാണ്. യുണൈറ്റഡ് പെയ്മെന്റ് ഇന്റർഫെയ്സ് (യുപിഐ) സാങ്കേതിക വിദ്യ ഈ രാജ്യങ്ങൾക്ക് സൗജന്യമായി നൽകാൻ ഇന്ത്യ തയാറാണ്. ഡിജിറ്റൽ പണമിടപാടുകൾക്ക് ഇത് വലിയ സഹായമാകും. മധ്യ ഏഷ്യയിലേക്കും അവിടെ നിന്നും ഇന്ത്യയിലേക്കും സഞ്ചരിക്കുന്നവർക്കും പണമിടപാടുകൾ സുഗമമാക്കാം’’.– ഡോവൽ പറഞ്ഞു. 

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് (ബിആർഐ) പദ്ധതിയെ ഡോവൽ എതിർത്തു. പങ്കാളിത്തം ഉറപ്പാക്കുന്ന സുതാര്യ പദ്ധതിയാകണം ആലോചിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക പ്രശ്നങ്ങളും നടപ്പിലാക്കാൻ സാധിക്കുമോ എന്നതും പഠിക്കേണ്ടതുണ്ട്. കടബാധ്യത വരുത്തിവയ്ക്കുന്നതാകരുത് പദ്ധതി. ഇന്ത്യയിൽനിന്നുള്ള ചരക്ക് നീക്കം ഒരു രാജ്യം തടയുകയാണ്. ഇതു സ്വയം പരാജയപ്പെടുത്തുക മാത്രമല്ല, മധ്യ ഏഷ്യയുടെ ഐക്യത്തിനു വിഘാതമായി നിൽക്കുകയാണെന്നും അജിത് ഡോവൽ പറഞ്ഞു. പാക്കിസ്ഥാന്റെ പേരു പറയാതെയായിരുന്നു ഡോവലിന്റെ വിമർശനം. 

2022 ജനുവരിയിൽ ഇന്ത്യയിൽ വച്ചായിരുന്നു സമിതിയുടെ ആദ്യ യോഗം ചേർന്നത്. കസഖ്സ്ഥാൻ, കിർഖിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.    

English Summary:

Ajit Doval offers help to 5 countries to fight terror

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com