പൾസ് നോക്കുക മാത്രമാണ് ചെയ്തത്, ലൈംഗിക താൽപര്യത്തോടെ അല്ല: ബ്രിജ് ഭൂഷൺ കോടതിയിൽ
Mail This Article
ന്യൂഡൽഹി∙ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളിൽ കഴമ്പില്ലെന്ന് ബ്രിജ് ഭൂഷണിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. കായിക താരങ്ങളുടെ പൾസ് പരിശോധിക്കുക മാത്രമാണ് ബ്രിജ് ഭൂഷൺ ചെയ്തെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു. ലൈംഗിക താൽപര്യത്തോടെയല്ലാതെ പൾസ് നോക്കുന്നത് ഒരു കുറ്റകൃത്യമായി കാണാനാകില്ലെന്നും ബ്രിജ് ഭൂഷൺ കോടതിയിൽ വാദിച്ചു.
ആറു വനിത ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണിനും വിനോത് തോമറിനുമെതിരെ ലൈംഗികാതിക്രമ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല മറിച്ച് യുവജനകാര്യ മന്ത്രാലയത്തെയും കായിക ആഭ്യന്തര മന്ത്രാലയത്തെയും ടാഗ് ചെയ്ത് എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഓവർസൈറ്റ് കമ്മിറ്റി രൂപീകരിച്ചതെന്നും അഭിഭാഷകൻ അറിയിച്ചു. കേസിൽ വാദം കേട്ട അഡീഷനൽ ചീഫ് മെട്രോപൊലീറ്റൻ മജിസ്ട്രേറ്റ് ഒക്ടോബർ 19നാ വാദം കേൾക്കൽ തുടരുമെന്ന് അറിയിച്ചു.
ബ്രിജ് ഭൂഷണിനായി അഭിഭാഷകനായ രാജീവ് മോഹനാണ് ഹാജരായത്. ജന്തർ മന്തറിൽ ആദ്യ പ്രതിഷേധം ഉണ്ടാകുന്നത് 2023 ജനുവരി 18നാണ്. ജനുവരി 19ന് ഗുസ്തി താരങ്ങളിൽ ഒരാളായ ബബിത ഫോഗട്ട് കായിക മന്ത്രിയെ കണ്ടു. തുടർന്ന് ജനുവരി 12ന് കായിക മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും ടാഗ് ചെയ്ത് കുറിപ്പുകൾ എസ്ക് പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടു. അതുവരെ യാതൊരു പരാതിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും രാജീവ് മോഹൻ അറിയിച്ചു. ജനുവരി 23ാണ് ഓവർസൈറ്റ് കമ്മറ്റി രൂപീകരിച്ചത്. തുടർന്ന് അത് ഡൽഹി പൊലീസിന് കൈമാറുകയായിരുന്നു. ഓവർസൈറ്റ് കമ്മറ്റി രൂപീകരിച്ചതിനു ശേഷവും പരാതികൾ ഒന്നും ഇല്ലെന്നും അദ്ദേഹം അറിയിച്ചു. കായിക താരങ്ങളുടെ മൊഴി കമ്മറ്റി രേഖപ്പെടുത്തിയിരുന്നു.
ബ്രിജ് ഭൂഷൺ ഒരു പെൺകുട്ടിയേയും തെറ്റായ ഉദ്ദേശ്യത്തോടെ സ്പർശിക്കുന്നത് കണ്ടിട്ടില്ല എന്ന് ഒരു ദൃക്സാക്ഷി അറിയിച്ചതായും കൗൺസിൽ കോടതിയിൽ വാദിച്ചു. പൾസ് നോക്കുക മാത്രമാണ് ബ്രിജ് ഭൂഷൺ ചെയ്തതെന്നും അത് ലൈംഗിക താൽപര്യത്തോടെ അല്ലെന്നും അദ്ദേഹം അറിയിച്ചു. താൻ ആരെയും ഓഫിസിലേക്ക് വിളിച്ചു വരുത്തിയിട്ടില്ലെന്നും അവർ സ്വമേധയാ എത്തിയതാണെന്നും ബ്രിജ് ഭൂഷൺ അറിയിച്ചു. മത്സരത്തിൽ ശ്രദ്ധിക്കുന്നതിനു പകരം ട്വീറ്റുകൾ ഇടുന്നതിലാണ് പരാതിക്കാർ ശ്രദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്‌പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷനെതിരായ ആരോപണങ്ങൾ. ജൂൺ15നു ബ്രിജ് ഭൂഷണെതിരെ ഡൽഹി പട്യാല കോടതിയിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.ഐപിസി സെക്‌ഷന്‍ 354, 354 എ, 354 ഡി, 506 എന്നീ വകുപ്പുകൾ ചുമത്തി ജൂൺ 15നാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.