20 എംഎൽഎമാരുമായി മൈസൂരുവിലേക്ക്; കർണാടകയിൽ മന്ത്രിയുടെ നീക്കം തടഞ്ഞ് ഹൈക്കമാൻഡ്
Mail This Article
ബെംഗളൂരു∙ കർണാടകയിൽ 20 എംഎല്‍എമാരുമായി മൈസൂരുവിലേക്ക് യാത്ര നടത്താനുള്ള മന്ത്രിയുടെ നീക്കത്തിനു തടയിട്ട് ഹൈക്കമാൻഡ്. പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് ജാര്‍ക്കിഹോളി കിത്തൂര്‍, മധ്യ കര്‍ണാടക മേഖലയില്‍നിന്നുള്ള എംഎല്‍എമാരുമായി ബസില്‍ മൈസൂരുവിലേക്കു പോകാനായിരുന്നു നീക്കം. എന്നാല്‍, ഹൈക്കമാന്‍ഡ് ഇടപെട്ട് യാത്ര റദ്ദാക്കുകയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല വിവരം അറിഞ്ഞ് മന്ത്രിയുമായി സംസാരിച്ചതിനെത്തുടര്‍ന്നാണു യാത്ര ഉപേക്ഷിച്ചത്.
ഇത്രയും എംഎല്‍എമാര്‍ ഒരുമിച്ചു യാത്ര പോവുന്നതു തെറ്റായ സന്ദേശം നല്‍കുമെന്ന് രണ്‍ദീപ് സുര്‍ജേവാല മന്ത്രിയെ അറിയിച്ചു. ഇത്തരമൊരു നീക്കം പ്രതിപക്ഷത്തിനു സര്‍ക്കാരിനെ ആക്രമിക്കാനുള്ള കാരണമാകുമെന്നും സുര്‍ജേവാല സതീഷ് ജാര്‍ക്കിഹോളിയോടു പറഞ്ഞു. സമാനമനസ്‌കരായ എംഎല്‍എമാര്‍ ഒരു യാത്രപോകണമെന്നു പറഞ്ഞുവെന്നും അതിനാലാണു അവരെ മൈസൂരുവിലേക്കു കൊണ്ടുപോകാന്‍ തയാറായതെന്നും ജാര്‍ക്കിഹോളി വിശദീകരിച്ചു. സംഭവത്തിനു രാഷ്ട്രീയ മാനങ്ങളില്ലെന്നും സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു.
അതേസമയം, ബെലഗാവി, ചിക്കോഡി ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ജാര്‍ക്കിഹോളിക്ക് അസംതൃപ്തിയുണ്ടെന്നു സൂചനകളുണ്ട്. അതിനാല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന് ഒരു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു. ബെലഗാവിയില്‍ മകനെയോ മകളെയോ സ്ഥാനാര്‍ഥിയാക്കാന്‍ സതീഷ് ജാര്‍ക്കിഹോളി ചരടുവലികള്‍ നടത്തിയിരുന്നു. കോൺഗ്രസ്–ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ സുപ്രധാന നീക്കം നടത്തിയ രമേശ് ജാർക്കിഹോളിയുടെ സഹോദരനാണ് സതീഷ്.