എഐയുടെ കഴിവുകൾ ഇനിയാണ് അറിയാനിരിക്കുന്നത്; താമസിയാതെ മനുഷ്യബുദ്ധിക്കു പകരമാകും: ദിലീപ് ജോർജ്
Mail This Article
ഇത്രയും നാൾ പരീക്ഷണശാലകളിലായിരുന്ന നിർമിത ബുദ്ധിയുടെ കഴിവുകൾ ഇനിയായിരിക്കും നാം ഉപയോഗിക്കാൻ തുടങ്ങുകയെന്നു ഗൂഗിൾ ഡിപ് മൈൻഡ് റിസർച്ച് ഡയറക്ടർ ദിലീപ് ജോർജ്. എഐ സംവിധാനം പൂർണമായും മനുഷ്യ മസ്തിഷ്കത്തിനു പകരം വയ്ക്കാവുന്നതായിട്ടില്ലെന്നും അതു തിരിച്ചറിഞതിനാൽ നിലവിൽ അസിസ്റ്റീവ് എന്ന രീതിയിലാണ് എഐയെ ഉപയോഗിക്കുന്നതെന്നും ദിലീപ് ജോർജ് പറഞ്ഞു. എന്നാൽ പത്തുവർഷത്തിനകം മനുഷ്യബുദ്ധിക്കൊപ്പം നിൽക്കുന്ന സോഫ്റ്റ്വെയറുകൾ നിർമിക്കാനായേക്കും.
ഏതു ടെക്നോളജി വരുമ്പോഴും ആളുകൾ ഭയത്തോടെയാണ് ആദ്യം സമീപിക്കുക. പിന്നീട് അതിന്റെ സാധ്യതകൾ മനസ്സിലാക്കുമെന്നും ക്രെഡ് ചീഫ് ഡിസൈൻ ഓഫിസറും ഗായകനുമായ ഹരീഷ് ശിവരാമകൃഷ്ണനുമായി മനോരമ ന്യൂസ് കോൺക്ലേവില്‍ നടത്തിയ ‘എഐ: വാൾസ്, പിറ്റ്ഫാൾസ്, പോസിബിലിറ്റീസ്’ എന്ന സംവാദത്തിൽ ദിലീപ് ജോർജ് പറഞ്ഞു. 2003–04 ൽ താൻ ജോലി ചെയ്യാനാരംഭിക്കുമ്പോൾ എഐ / മെഷീൻ ലേണിങ് എന്നത് മോശം വാക്കായിരുന്നു.
2010ൽ കമ്പനി തുടങ്ങാൻ പദ്ധതിയിട്ടപ്പോൾ വളരെ ശുഭാപ്തിവിശ്വാസത്തിലായി. 2014ൽ സിരി പോലെയുള്ള സംവിധാനങ്ങള്‍ കൂടുതലും പറഞ്ഞിരുന്നത് ‘ഐ ഡോൺഡ് അണ്ടർസ്റ്റാൻഡ്’ എന്നായിരുന്നു. എന്നാൽ 2024 ആകുമ്പോഴേക്കും ചാറ്റ്ജിപിടി പോലെയുള്ള നിർമിത ബുദ്ധി സംവിധാനങ്ങളുടെ സഹായത്തോടെ വലിയ കുതിച്ചു ചാട്ടമാണുണ്ടായതെന്നും ദിലീപ് ജോർജ് പറയുന്നു.
ഹെൽത്ത്കെയർ പോലെയുള്ള സംവിധാനങ്ങളിലെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് മോഡലുകൾക്കു സഹായിക്കാനാകും. നിലവിലെ തൊഴിലുകൾ കുറയുമെന്നതിനപ്പുറം എഐക്കു പുതിയ തൊഴിലുകൾ പഠിപ്പിക്കാനുമാകും. പക്ഷേ സാമൂഹിക സാഹചര്യങ്ങളും കണിക്കിലെടുത്ത് എഐക്കു വിവിധ തലങ്ങളിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും ചർച്ചയിൽ ദിലീപ് ജോർജ് പറഞ്ഞു.