‘ഐടി പ്രഫഷനൽ കൊറിയയിൽ ഉള്ളിക്കൃഷിക്ക് പോകാൻ കാരണമുണ്ട്; കുടിയേറ്റം തടയാൻ സർക്കാർ എന്താണു ചെയ്തിട്ടുള്ളത്?’
Mail This Article
കൊച്ചി∙ കേരളത്തിൽനിന്ന് വിദ്യാർഥികളും യുവാക്കളും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കു കുടിയേറുന്നതിനെപ്പറ്റി പറയുന്നതിനു മുൻപ് കേരളം ഇവർക്കായി എന്താണ് ഒരുക്കിയിട്ടുള്ളതെന്നു ചിന്തിക്കണമെന്ന് മനോരമ ന്യൂസ് കോൺക്ലേവിൽ വ്യവസായ പ്രമുഖർ. ‘ചോദ്യചിഹ്നമാകുന്ന കേരളത്തിലെ ബൗദ്ധിക ചോർച്ച’ എന്ന വിഷയത്തിൽ ഒരുക്കിയ സംവാദത്തിലായിരുന്നു ഈ ചർച്ച ഉയർന്നത്. പങ്കെടുത്തത് എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ വിവേക് വേണുഗോപാലും ഇന്റർഗ്രോ ബ്രാൻഡ്സ് എംഡിയും സിഇഒയുമായ അശോക് മണിയും. ഇരുവരുടെയും അഭിപ്രായങ്ങളിലൂടെ...
∙ അശോക് മണി
ഇക്കഴിഞ്ഞ 2–3 വർഷത്തിൽ ഗൾഫ്, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികളും മറ്റുള്ളവരും കുടിയേറുന്നതു വർധിച്ചു എന്നത് യാഥാർഥ്യമാണ്. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്നു കരുതി കേരളത്തിൽ നല്ല ജോലി സാധ്യത ഉണ്ടാകണമെന്നില്ല. അടുത്ത 15 വർഷംകൊണ്ട് കേരളം എന്താകും എന്നൊന്നും ഇനി നോക്കിയിട്ടു കാര്യമില്ല. കേരളത്തിനു വളരാവുന്ന ചില മേഖലകളുണ്ട്. സംസ്ഥാനത്തെ ഒരു ഓട്ടമൊബീൽ ഹബ് ആക്കാൻ ഇനി കേരളത്തിനാകില്ല. തമിഴ്‌നാടും ഗുജറാത്തും അതു ചെയ്തു കഴിഞ്ഞു. പകരം ഐടി, ടൂറിസം, ബയോടെക്നോളജി തുടങ്ങിയ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.
വിഴിഞ്ഞം തുറമുഖം വരുമ്പോൾ ഒട്ടേറെ കപ്പലുകളാണ് വരുന്നത്. അതോടൊപ്പം വിവിധ രാജ്യങ്ങളിൽനിന്നുള്ള ഒട്ടേറെപ്പേരും ഇവിടെയെത്തും. അവർ മറ്റു രാജ്യങ്ങളിലെത്തുമ്പോൾ നമ്മളെപ്പറ്റിയും നമ്മളൊരുക്കിയ സൗകര്യങ്ങളെപ്പറ്റിയും പറയും. നമ്മുടെ ബ്രാൻഡ് അംബാസഡർമാരാകും. പക്ഷേ അങ്ങനെ നല്ലതു പറയാൻ തക്ക എന്താണു ചെയ്തിട്ടുള്ളതെന്ന് സർക്കാർ ആലോചിക്കണം.
ടൂറിസമാണെങ്കിലും ഏതു വ്യവസായമാണെങ്കിലും, ചില മേഖലകൾ തിരഞ്ഞെടുത്ത് അതിനു വേണ്ടി ലക്ഷ്യങ്ങൾ വയ്ക്കണം. അങ്ങനെ ഒരു പരിസ്ഥിതി കേരളത്തിൽ രൂപപ്പെടുത്തിയെടുക്കണം. സ്പെയിനിലെ വലൻസിയ എന്ന കൊച്ചുദ്വീപിന്റെ കാര്യമെടുക്കാം. പ്രതിവർഷം 56 ലക്ഷം പേരാണ് അവിടെയെത്തുന്നത്. വലൻസിയയേക്കാൾ വലിയ സ്ഥലമായ കേരളത്തിലാകട്ടെ 10 ലക്ഷം പേരും. വലൻസിയയില്‍ വരുന്നത്ര ടൂറിസ്റ്റുകൾ കേരളത്തിലെത്തിയാൽ കോടികളാണ് നമുക്ക് നേടാനാവുക. സംസ്ഥാനത്തിന് എന്താണോ നൽകാനാവുക അതിന്റെ സാഹചര്യം മികച്ച രീതിയിൽ ഒരുക്കിക്കൊടുക്കുക എന്നതാണു ചെയ്യേണ്ടത്. അതില്ലാത്തതു കൊണ്ടാണ് ഐടി പ്രഫഷനൽ വരെ കൊറിയയിൽ ഉള്ളിക്കൃഷിക്കാണെങ്കിൽ പോലും പോകാൻ താൽപര്യം കാണിക്കുന്നത്.
∙ വിവേക് വേണുഗോപാൽ
ഓരോരുത്തരും അവരുടെ ആഗ്രഹപൂർത്തീകരണത്തിന്റെ ഭാഗമായിട്ടാകണം വിദേശത്തേക്കു കുടിയേറുന്നത്. പണ്ട് അത് ജോലി തേടിയായിരുന്നു. ഇന്ന് ഇന്ത്യയിൽ ജോലിയുണ്ട്. പക്ഷേ ഇവിടം അവരെ സംബന്ധിച്ചിടത്തോളം എത്രത്തോളം ആകർഷണീയമാണ് എന്നതാണ് ചോദ്യം. അതോടൊപ്പം മികച്ച ജീവിത സാഹചര്യങ്ങളും അവർ തേടുന്നു. അതൊരു സാധാരണ കാര്യമായിട്ടാണ് തോന്നുന്നത്. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. കുടിയേറ്റവും അങ്ങനെതന്നെ.
ഒരു ഐടിക്കാരന്റെ കാര്യമെടുക്കാം. ജോലി കഴിഞ്ഞ് ഒരു വിനോദോപാധി തേടുമ്പോൾ കേരളത്തിൽ ഒന്നുമില്ല. രാത്രി പത്തു മണിയാകുമ്പോഴേക്കും ഇവിടെ എല്ലാം അടയ്ക്കും. എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സ്ഥിതി അങ്ങനെയല്ല. അവിടെ അതിനനുസരിച്ച് നിക്ഷേപവുമുണ്ട്. ഓരോ മേഖലയിലും വ്യവസായത്തിലും വേണ്ട പിന്തുണ ഒരുക്കുക എന്നതാണ് സർക്കാർ ചെയ്യേണ്ടത്. ഇപ്പറഞ്ഞ വിനോദോപാധികളുടെ കാര്യത്തിലാണെങ്കിലും നിയമങ്ങളിൽ ഇളവു തരാൻ സർക്കാരിനാകും. അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ സാധിക്കും. കേരളത്തിൽ അടിസ്ഥാനപരമായ എല്ലാം ഉണ്ട്. അത്തരം കാര്യങ്ങൾ കൃത്യമായി നടപ്പാക്കിയാൽ മതി.