ചന്ദ്രയാൻ 3 എന്നന്നേക്കുമായി ‘ഉറങ്ങിയിട്ടില്ല’, ഇനിയും പ്രതീക്ഷകളേറെ; ഗഗൻയാൻ ഇന്ത്യയുടെ സ്വന്തം ടെക്നോളജി: സോമനാഥ്
Mail This Article
കൊച്ചി∙ ചന്ദ്രയാൻ 3 പദ്ധതിയിലുള്ള ഗവേഷകരുടെ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ‘‘ചന്ദ്രയാന്റെ ഭാഗമായ ലാൻഡറും റോവറും നിലവിൽ ചന്ദ്രോപരിതലത്തിൽ ഉണ്ട്. റോവർ ഇപ്പോൾ ഉറങ്ങട്ടെ. നിലവിൽ ശല്യം ചെയ്യേണ്ടെന്നാണ് കരുതുന്നത്. പക്ഷേ അപ്പോഴും പ്രതീക്ഷയ്ക്കു വകയുണ്ട്. റോവറിന് എന്തെങ്കിലും പ്രശ്നമുണ്ടായേക്കാം. എങ്കിലും എപ്പോഴെങ്കിലും അതിനെ വീണ്ടും ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയുണ്ട്.
നിലവിൽ ഒട്ടേറെ ഡേറ്റ ലാൻഡറിൽനിന്നും റോവറിൽനിന്നും ലഭിച്ചു. ഇതെല്ലാം ഇനി അപഗ്രഥിക്കേണ്ടതുണ്ട്. അതിനായി സംരക്ഷിച്ചു വച്ചിരിക്കുകയാണ്. ചന്ദ്രയാൻ 1ൽനിന്നുള്ള ഡേറ്റ അപഗ്രഥിച്ചപ്പോഴാണ് ജലത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. സമാനമായ കണ്ടെത്തലുകൾ ചന്ദ്രയാൻ 3ൽനിന്നും ഉണ്ടായേക്കാം’’. മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുത്തുകൊണ്ട് എസ്. സോമനാഥ് പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾ എന്ന വിഷയത്തിലാണ് ഐഎസ്ആർഒ ചെയർമാൻ ആശയങ്ങൾ പങ്കുവച്ചത്.
ഇന്ത്യയിൽത്തന്നെ നിർമിച്ച് ചന്ദ്രനിൽ പേടകം ഇറക്കുക എന്നത് ചെറിയ കാര്യമല്ലെന്ന് സോമനാഥ് പറഞ്ഞു. പലരും കരുതുന്നത് ഇന്ത്യയ്ക്ക് പുറത്തുനിന്നു സഹായം ലഭിക്കുന്നുണ്ടെന്നാണ്. എന്നാൽ അങ്ങനെയല്ല. നാനൂറോളം ചെറിയ കമ്പനികൾ ഐഎസ്ആർഒയെ സഹായിക്കുന്നത് ലാഭം നോക്കിയല്ല. കച്ചവടത്തിൽ ലാഭത്തിന് ഏറെ പ്രധാന്യമുള്ള കാലത്താണ് നാം ജീവിക്കുന്നത്. ബഹിരാകാശത്തും വാണിജ്യ സാധ്യതകളേറെ. വീണ്ടും ചന്ദ്രനിലേക്കു പോകാൻ പല രാജ്യങ്ങൾ ഒരുങ്ങുന്നതും ബഹിരാകാശ ദൗത്യങ്ങൾ കൂടുന്നതും അതുകൊണ്ടാണ്. ഇന്ത്യയ്ക്കും അതെല്ലാം സാധ്യമാണ്. ഐസ്ആർഒയിലുള്ള വിശ്വാസവും ആവശ്യമായ ഫണ്ടിങ്ങുമാണ് അക്കാര്യത്തിൽ വേണ്ടത്.
ചന്ദ്രയാൻ 3 സാങ്കേതികവിദ്യ യുഎസ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽനിന്ന് ഒട്ടേറെ കമ്പനികൾ യുഎസിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നുണ്ട്. ചിപ് ഡിസൈനിങ്ങിൽ ഉൾപ്പെടെയാണത്. ഈ കയറ്റുമതി കൃത്യമായി ഉപയോഗപ്പെടുത്താനായാല്‍ ഇന്ത്യൻ കമ്പനികൾക്ക് അവസരങ്ങളേറെ ലഭിക്കും. 30,000 കോടി രൂപയാണ് പ്രതിവർഷം ഐഎസ്ആർഒയ്ക്കു ലഭിക്കുന്നത്. ഇത് അത്ര വലിയ തുകയല്ല. ഈ തുക വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിന് കേന്ദ്ര ഫണ്ട് മാത്രം പോരാതെ വരും. അവിടെയാണ് സ്വകാര്യ കമ്പനികളുടെ ഇടപെടൽ സഹായകരമാകുന്നത്. സ്വകാര്യ ഫണ്ടിങ്ങും ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വൈകാതെ വേണ്ടി വരും. സാറ്റലൈറ്റ് ഡേറ്റ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന കമ്പനികളെ ഇപ്പോൾത്തന്നെ ഐഎസ്ആർഒ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇനിയും മുന്നോട്ടു പോകാനാകണം.
ഇന്ത്യയിലെ കമ്പനികൾ റോക്കറ്റുണ്ടാക്കുന്നതിനോ ഉപഗ്രഹം നിർമിക്കുന്നതിനോ ഐഎസ്ആർഒയ്ക്ക് ഒരു കുഴപ്പവുമില്ല. പക്ഷേ ഗവേഷണത്തിന് അവർക്കു പരിമിതകളുണ്ട്. ആ പരിമിതി പരിഹരിക്കാനാണ് ഐഎസ്ആർഒ നോക്കുന്നത്. ബഹിരാകാശ ശാസ്ത്രത്തിൽ ഒന്നും എക്സ്ക്ലുസീവല്ല. ഗവേഷണം ഉൾപ്പെടെ എല്ലാം പങ്കുവയ്ക്കാൻ സാധിക്കണം. പൊതുജനങ്ങളുടെ ഫണ്ട് ഉപയോഗിക്കുന്ന സംവിധാനങ്ങൾക്കു ലഭിക്കുന്ന വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാന്‍ കഴിയില്ലെന്നതിനാൽ ഗവേഷണ ഫലങ്ങളെല്ലാം പൊതുജനങ്ങൾക്കും ലഭ്യമാക്കണമെന്നതാണ് ഐഎസ്ആർഒ നയം. ശാസ്ത്രം പലർക്കും പാഷനായി മാറണം. ലാഭം മാത്രമാകരുത് നോക്കേണ്ടത്. ആ ലക്ഷ്യത്തോടെ എൻജിനീയർമാരുടെ ഒരു സംഘത്തെ ഒരുക്കാനും ഐഎസ്ആർഒയ്ക്കു സാധിച്ചിട്ടുണ്ട്.
ഗഗൻയാൻ ദൗത്യത്തിലേക്ക് ഇന്ത്യയ്ക്ക് ഏറെ മുന്നോട്ടു പോകാനുണ്ട്. റോക്കറ്റ് വിക്ഷേപിക്കാൻ ഇന്ത്യയ്ക്ക് ഇന്നു സാധിക്കും. എന്നാൽ ഒരിന്ത്യക്കാരനെ ബഹിരാകാശത്തേക്ക് എത്തിക്കാനൊരുങ്ങുമ്പോൾ വെല്ലുവിളി ഏറെയാണ്. പ്രത്യേക പേടകം തയാറാക്കണം. അതിൽ സീറ്റ് മാത്രമല്ല, ഓക്സിജനും ജലവുമെല്ലാം ഒരുക്കണം. വിസർജ്യം പുറന്തള്ളാനുള്ള സൗകര്യമുണ്ടാകണം. ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുക എന്നത് ഇതുവരെ നമ്മുടെ മേഖലയല്ലായിരുന്നു. എന്നാൽ ഗഗന്‍യാനു വേണ്ടി ഇപ്പോൾ അതെല്ലാം ഐഎസ്ആർഒ പഠിക്കുകയാണ്. ദൗത്യത്തിനിടെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ മനുഷ്യന്റെ ഇടപെടലില്ലാതെ ഓട്ടണമസ് ആയി അത് കണ്ടെത്താനാകണം. അതിനുള്ള അൽഗോരിതം തയാറാക്കണം. ആ ഇന്റലിജൻസ് സംവിധാനം സ്വന്തമാക്കണം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ആളില്ലാതെയുള്ള ക്രൂ മൊഡ്യൂളിന്റെ പരീക്ഷണം ഒക്ടോബർ 21ന് നടത്തുന്നത്.
എല്ലാവരെയും നോക്കിക്കണ്ടാണ് ഇന്ത്യ പഠിക്കുന്നത്. റഷ്യ, കാനഡ, റുമേനിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയ്ക്കു സഹായം നൽകുന്നുണ്ട്. ചില കാര്യങ്ങൾ പരീക്ഷിക്കാനായി വിദേശത്തേക്കു പോകേണ്ടി വരാറുണ്ട്. ആ ടെസ്റ്റുകൾ നടത്താൻ ഇവിടെ സൗകര്യമില്ല. പക്ഷേ ഗഗൻയാനിലെ ക്രൂ എസ്കേപ്പ് മൊഡ്യൂൾ ഉൾപ്പെടെ പൂർണമായും ഇന്ത്യയുടെ പദ്ധതിയാണ്. അത് കോപ്പിയടിയൊന്നുമല്ല. ഇന്ത്യയുടെ തനതു പേടകമാണ്– സോമനാഥ് പറഞ്ഞു.
ഐഎസ്ആർഒ ചെയർമാന് മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് ഉപഹാരം സമ്മാനിച്ചു.