ADVERTISEMENT

കൊച്ചി∙ പാർട്ടി ഫോറത്തിൽ വാതിലടച്ചു പറയുന്ന ചില കാര്യങ്ങൾ പുറത്തു പറയരുതെന്ന് മനസ്സിലായെന്ന് ശശി തരൂർ എംപി. ചില കാര്യങ്ങൾ പറയുന്നത് പാർട്ടിക്കു വേണ്ടിയാണ്, അതു പൊതുജനം കേൾക്കാൻ വേണ്ടിയുള്ളതാകില്ല. അതു തിരിച്ചറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം പല സംസ്ഥാനങ്ങളിലും വന്നുതുടങ്ങിയിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് പ്രകടമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 90 ശതമാനം സീറ്റും ബിജെപി മുന്നണിക്കാണ് കിട്ടിയത്. 2024ൽ അങ്ങനെയാകില്ല സാഹചര്യം. ജനങ്ങളുമായി സംസാരിക്കുമ്പോൾ അങ്ങനെയാണ് മനസ്സിലാകുന്നത്. 

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കോൺഗ്രസ് എംപി ശശി തരൂർ. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കോൺഗ്രസ് എംപി ശശി തരൂർ. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

ജനങ്ങളുടെ ജീവിതത്തില്‍ ബുദ്ധിമുട്ട് വന്നു. തൊഴിലില്ലായ്മ രൂക്ഷമാണ്. തൊഴിൽ നൽകുമെന്ന് പറ‍ഞ്ഞ് അധികാരത്തിലെത്തിയ കേന്ദ്രസർക്കാർ 10 വർഷം കഴിഞ്ഞിട്ടും തൊഴിൽ നൽകിയില്ലെങ്കിൽ എന്തിന് അവർക്ക് വോട്ടു ചെയ്യണം? ഒരു ഇന്ത്യൻ കുടുംബം വരുമാനത്തിന്റെ 70 ശതമാനമാണ് ഭക്ഷണത്തിനായി ചെലവഴിക്കുന്നത്. പക്ഷേ വിലക്കയറ്റം രൂക്ഷമാണ്. തക്കാളിക്കും ഉള്ളിക്കും വില കൂടിയത് അവരെ ബാധിക്കില്ലേ, അവർ മാറിച്ചിന്തിക്കില്ലേ? ഇതോടൊപ്പം സമൂഹത്തിൽ അസമത്വവും കൂടുന്നു. കോവിഡ് കാലത്ത് എത്രയോ പേരാണ് ഭക്ഷണമില്ലാതെ ജീവിച്ചത്. അതേ കാലയളവിൽത്തന്നെ കോടീശ്വരന്മാരുടെ സമ്പാദ്യം 2000 കോടി കൂടിയെന്ന് അവർ കേട്ടാൽ എങ്ങനെയുണ്ടാകും? അവിടെയാണ് അസമത്വം പ്രകടമാകുന്നത്– ‘എന്തുകൊണ്ടാണ് രാഷ്ട്രീയത്തിൽ 2024 പ്രസക്തമാകുന്നത്’ എന്ന വിഷയത്തിൽ മനോരമ ന്യൂസ് കോൺക്ലേവിൽ ആശയസംവാദം നടത്തുകയായിരുന്നു ശശി തരൂർ.

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കോൺഗ്രസ് എംപി ശശി തരൂർ. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കോൺഗ്രസ് എംപി ശശി തരൂർ. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

‘‘കോൺഗ്രസിനകത്ത് അധ്യക്ഷസ്ഥാനത്തിനു വേണ്ടി മത്സരം നടന്നു. അതു വേറേത് പാർട്ടിയിൽ കാണാനാകും? പല അഭിപ്രായങ്ങൾ കേട്ട് തീരുമാനമെടുക്കാൻ സാഹചര്യമൊരുക്കുന്നതാണ് ജനാധിപത്യ പാർട്ടി. അങ്ങനെ നോക്കിയാൽ കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്’’– കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായി ശശി തരൂർ പറഞ്ഞു.

2019ലെ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം കാര്യമായ ആവേശമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി. പിന്നാലെ കോവിഡ് വന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു ശേഷം ജനങ്ങൾക്കു തോന്നിയ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് കർണാടകയിൽ കണ്ടത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പു നടക്കുമ്പോൾ മൂന്നിടത്ത് കോൺഗ്രസ് ഉറപ്പായും ജയിക്കും. രണ്ടിടത്ത് മത്സരം അൽപം കടുപ്പമാണ്. അഞ്ചെണ്ണത്തിലും ബിജെപി ജയിച്ചില്ലെങ്കിൽ ഇന്ത്യയിൽ ഒരു ബിജെപി മഹാതരംഗം ഇല്ലെന്നു ഞങ്ങൾക്കു പറയാനാകും. ഇനിയൊരു ഭരണത്തുടർച്ച ഇന്ത്യയിലും കേരളത്തിലും ഉണ്ടാകില്ല. 

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കോൺഗ്രസ് എംപി ശശി തരൂർ. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കോൺഗ്രസ് എംപി ശശി തരൂർ. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

2019ൽ പുൽവാമ, ബാലകോട്ട് ആക്രമണങ്ങൾ നടന്ന സമയമാണ്. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ടായിരുന്നു അന്ന് തിരഞ്ഞെടുപ്പ്. മോദി സർക്കാർ നമ്മെ രക്ഷിക്കുമെന്ന് എല്ലാവരും അന്ന് കരുതി. എന്നാൽ പിന്നീടെന്തു സംഭവിച്ചു? കോവിഡ് കാലത്തു പോലും സർക്കാർ സംരക്ഷിച്ചോ? ഈ സാഹചര്യത്തിൽ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ 272 എന്ന മാജിക് നമ്പർ ബിജെപി നേടിയെടുക്കാൻ സാധ്യതയേതുമില്ല. ഈ അവസരം മുതലെടുക്കാൻ സാധിക്കണം. കോൺഗ്രസ് വലിയ പാർട്ടിയാണ്. മറ്റു പാർട്ടികളും കോൺഗ്രസിനെപ്പോലെ ഓരോ സംസ്ഥാനത്തും പ്രവർത്തിച്ചാൽ 2024ൽ മാറ്റമുണ്ടാകും. 

‌സാധാരണക്കാരെപ്പറ്റി സംസാരിക്കുന്ന ഒരു സർക്കാരാണു നമുക്ക് വേണ്ടത്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളിലാണ് പുരോഗതി വേണ്ടത്. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലയിലെല്ലാം എന്താണ് സർക്കാർ ചെയ്തത്? ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. ചലച്ചിത്ര നിർമാണത്തിൽ ഇൻസെന്റീവ് നൽകുന്നതിനെപ്പറ്റി കോൺഗ്രസ് ആലോചിക്കുന്നുണ്ട്. പ്രകടന പത്രികയിലും അത് നിർദേശിക്കും. ഇങ്ങനെ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസനമാണ് ‘ഇന്ത്യ’ മുന്നണി ലക്ഷ്യമിടുന്നത്. ഒരുവിധത്തിലും ഇന്ത്യയെ വിഭജിക്കാൻ അനുവദിക്കില്ല. പണ്ടുകാലത്തു ചെയ്ത കാര്യങ്ങൾക്ക് ഇന്നത്തെ കാലത്തെ മനുഷ്യരെ പീഡിപ്പിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും? ജനങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമല്ലേ ജനാധിപത്യത്തിൽ നൽകേണ്ടത്? ചിലർ ജയിലിൽ പോയവരും അഴിമതിക്കാരുമുണ്ട്. അവർക്ക് വോട്ടു കൊടുക്കണമോയെന്ന് ജനങ്ങളാണ് ആലോചിക്കേണ്ടത്– ശശി തരൂർ വ്യക്തമാക്കി. ഇന്റൽ മണി എക്സിക്യുട്ടിവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മണി ശശി തരൂരിന് ഉപഹാരം സമ്മാനിച്ചു.

English Summary:

Manorama News Conclave: Why 2024 Matters? Shashi Tharoor MP Speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com