രാഷ്ട്രീയത്തിൽ തുടരണോ എന്ന് ഒരു ഘട്ടത്തിൽ ആലോചിച്ചു; മുറിയിൽ ഇരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്: ശോഭാ സുരേന്ദ്രൻ
Mail This Article
കൊച്ചി ∙ രാഷ്ട്രീയത്തിൽ തുടരണോ എന്ന് ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നെന്നും മുറിയിലടച്ചിരുന്നു പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. മക്കളാണ് അന്നു പിന്തുണ നൽകിയതെന്നും മനോരമ ന്യൂസ് കോൺക്ലേവിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞു. ‘കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും ’എന്ന മുദ്രാവാക്യമുയർന്നിട്ടും വനിതാ മുഖ്യമന്ത്രിയുണ്ടാകാത്ത കേരളത്തിൽ, മുഖ്യമന്ത്രിയാൽ ആദ്യം എന്തു ചെയ്യുമെന്ന ചോദ്യമുയർന്നത് കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായ മൂന്നു വനിതകളോട്– കെ.കെ.ശൈലജ എംഎൽഎ, കെ.കെ.രമ എംഎൽഎ, ശോഭാ സുരേന്ദ്രൻ. സ്ത്രീകൾക്കു പ്രാധാന്യം വേണമെന്ന കാര്യത്തില്‍ രാഷ്ട്രീയഭേദമെന്യേ മൂന്നുപേർക്കും ഒരേ അഭിപ്രായം.
സ്ത്രീ മുഖ്യമന്ത്രിയായതു കൊണ്ടുമാത്രം കേരളത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നു കെ.കെ.ശൈലജ പറഞ്ഞു. അധികാര സ്ഥാനത്തിരിക്കുന്നവർ പ്രതിനിധാനം ചെയ്യുന്ന കാഴ്ചപ്പാട് നല്ലതാകണം. അല്ലെങ്കിൽ മെച്ചമുണ്ടാകില്ല. മുഖ്യമന്ത്രി സ്ത്രീയായാലും പുരുഷനായാലും വ്യത്യാസമില്ല. ഉത്തരവാദിത്തങ്ങൾ ഒന്നാണ്. പ്രവർത്തന ശൈലിയിലും കാഴ്ചപ്പാടിലും വ്യത്യാസമുണ്ടാകാം. വിഭവങ്ങൾ പ്രയോജനപ്പെടുത്തി എങ്ങനെ ജനത്തിനു ഗുണകരമാക്കാം എന്നാണ് അധികാരത്തിൽ ഇരിക്കുന്നവർ ആലോചിക്കേണ്ടത്. സ്ത്രീയെന്ന നിലയിൽ അധികാര സ്ഥാനത്തുനിന്ന് ഒഴിവാക്കാനുളള ബോധപൂർവമായ ശ്രമം പാർട്ടിയിലില്ലെന്നു കെ.കെ.ശൈലജ പറഞ്ഞു. എന്നാൽ, സമൂഹത്തിൽ അത് കാണാൻ സാധിക്കും. സമൂഹത്തിനു യാഥാസ്ഥിതിക സ്വഭാവം ഉള്ളതിനാലാണ് സംവരണത്തിനായി വാദിക്കേണ്ടി വരുന്നത്. സംവരണം നല്ലതാണ്. അതിനാലാണ് പഞ്ചായത്തു പ്രസിഡന്റായി സ്ത്രീകൾ വന്നതെന്നും ശൈലജ പറഞ്ഞു.
സ്ത്രീ മുഖ്യമന്ത്രിയായാൽ പ്രകൃതിയോട് ഇണങ്ങുന്ന വികസനം വരുമെന്ന് കെ.കെ.രമ എംഎൽഎ പറഞ്ഞു. ഒന്നിനെയും നശിപ്പിച്ച് മുന്നോട്ടുപോകാൻ സ്ത്രീകൾക്കു കഴിയില്ല. സ്ത്രീകൾക്കു പദവി കൊടുക്കുന്നുണ്ടെങ്കിലും തീരുമാനമെടുക്കാൻ അവസരമുണ്ടാകുന്നില്ല. പേരിനുവേണ്ടിയാണ് സ്ത്രീകള്‍ക്ക് പദവി ഉണ്ടെന്നു പറയുന്നത്. കിറ്റും സാരിയും കൊടുത്ത് സ്ത്രീകളുടെ വോട്ട് വാങ്ങുന്നു. സ്ത്രീകളുടെ വോട്ട് വേണമെങ്കിലും തീരുമാനമെടുക്കുന്നതിനു സ്ത്രീകൾക്കു കഴിയുന്നില്ല. അധികാരം വിട്ടൊഴിയുന്നത് പുരുഷനു ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. അതിനു മാറ്റം വരാൻ സംവരണം വേണമെന്നും കെ.കെ.രമ പറഞ്ഞു.
മുഖ്യമന്ത്രിയായാൽ സമൂഹത്തിൽ കഴിവുള്ളവരുടെ യോഗം വിളിച്ച് അനുഭവങ്ങള്‍ സമാഹരിച്ച് തീരുമാനമെടുക്കുമെന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞു. കഴിവുള്ള, അനുഭവമുള്ള നിരവധി പേരുണ്ട്. ജനസഭ വിളിച്ചു ചേർത്ത് കേരളത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള കാര്യങ്ങൾ ആലോചിക്കും. സ്ത്രീക്ക് 10 ദിവസത്തെ ആഭ്യന്തരമന്ത്രി സ്ഥാനം നൽകിക്കൂടേ എന്ന ചോദ്യമാണ് താൻ പ്രതീക്ഷിച്ചത്. ലഹരിമരുന്നു ലോബിയെ ചെറുക്കാൻ ആ അവസരം വിനിയോഗിക്കും. വനിതാ സംവരണമെന്നത് പുരുഷൻമാരുടെ ചുമലിൽ ഏൽപിച്ചിരിക്കുന്ന ഭാരമാണ്. എല്ലാ നേതാക്കളും കഷ്ടപ്പെടേണ്ടിവരും. സ്ത്രീയെ അധികാരത്തിലെത്തിക്കാൻ പ്രാപ്തയാക്കേണ്ട, അനുയോജ്യയാക്കേണ്ട ചുമതല നേതാക്കൾക്കാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.