‘കന്യാപൂജ’യുമായി ശിവരാജ് സിങ് ചൗഹാൻ; ഇത്രയും നാടകീയനായ ഒരാളെ കണ്ടിട്ടില്ലെന്ന് ദിഗ്‌വിജയ് സിങ്: വാക്പോര്
Mail This Article
ഭോപാൽ∙ സ്വവസതിയിൽ കന്യാപൂജ സംഘടിപ്പിച്ചതിന് പരിഹസിച്ച കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെ വിമർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഹീനമായ പരാമർശം നടത്തി ദിഗ്‌വിജയ് സിങ് തരംതാണതായി ചൗഹാൻ പറഞ്ഞു. നവരാത്രിയുടെ അവസാന ദിവസമായ ഇന്നലെ ഭോപാലിലെ വസതിയിൽ ശിവരാജ് സിങ് ചൗഹാൻ സംഘടിപ്പിച്ച ‘കന്യാപൂജ’യിൽ മുന്നൂറിലധികം പെൺകുട്ടികൾ പങ്കെടുത്തിരുന്നു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, ചൗഹാന്റെ പ്രവർത്തി നാടകമെന്ന് ദിഗ്‌വിജയ് സിങ് ആരോപിച്ചിരുന്നു. ‘മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ കാര്യം പറയണ്ട, അദ്ദേഹത്തേക്കാൾ നാടകീയനായ ഒരാളെ ഞാൻ കണ്ടിട്ടില്ല’– ദിഗ്‌വിജയ് സിങ് പറഞ്ഞു. ഇതിനു പിന്നാലെയാണ് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
‘‘ഞാൻ പെൺകുട്ടികളെ ആരാധിക്കുന്നു. ഞാൻ പെൺകുട്ടികളുടെയും സഹോദരിമാരുടെയും പാദങ്ങൾ കഴുകി. ദിഗ്‌വിജയ് ജി, സനാതന ധർമത്തിനെതിരായ നിങ്ങളുടെ പോരാട്ടത്തിൽ നിങ്ങൾ വളരെ തരംതാണുപോയി.’’– ചൗഹാൻ എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോടും മുൻ അധ്യക്ഷ സോണിയാ ഗാന്ധിയോടും ‘കന്യാപൂജ’ സംബന്ധിച്ച നിലപാട് വ്യക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.