ഇന്ത്യയിൽ ആയുധപൂജ നടത്തുന്നത് പിടിച്ചടക്കാനല്ല, സ്വന്തം മണ്ണ് സംരക്ഷിക്കാൻ: നരേന്ദ്ര മോദി
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയിൽ ആയുധപൂജ നടത്തുന്നത് ഭൂമി പിടിച്ചടക്കാനല്ലെന്നും സ്വന്തം മണ്ണ് സംരക്ഷിക്കാനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തിപൂജ നമുക്കുവേണ്ടി മാത്രമല്ല, മുഴുവൻ ലോകത്തിനും വേണ്ടിയാണ്. വികസനത്തിലൂടെ ശ്രേഷ്ഠ ഭാരതത്തിനായി ഒരുമിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയദശമിയോട് അനുബന്ധിച്ച് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതീയതയും പ്രാദേശികവാദവും പോലുള്ള സാമൂഹിക തിന്മകൾ വേരോടെ പിഴുതെറിയണം. പാവപ്പെട്ട കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി എല്ലാവരും പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാൻ–3 ദൗത്യത്തിന്റെ വിജയത്തെയും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. വിജയകരമായ ദൗത്യത്തിനു രണ്ടു മാസം പിന്നിടുമ്പോഴാണ് രാജ്യം ദസറ ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘‘എല്ലാവർക്കും നവരാത്രി, വിജയദശമി ആശംസകള്‍ നേരുകയാണ്. തിന്മയ്ക്കു മേൽ നന്മയുടെ വിജയമാണ് ദസറയിൽ ആഘോഷിക്കുന്നത്. ചാന്ദ്രദൗത്യ വിജയത്തിന് രണ്ടു മാസം പിന്നിടുമ്പോഴാണ് ഇത്തവണ നാം ദസറ ആഘോഷിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണം കാണാനുള്ള ഭാഗ്യം ഇന്നു നമുക്കുണ്ട്. അതു നമ്മുടെ ക്ഷമയോടെയുള്ള കാത്തിരിപ്പിന്‍റെ വിജയമാണ്. അയോധ്യയിലെ അടുത്ത രാമനവമിക്ക് രാംലല്ലയുടെ ക്ഷേത്രത്തിൽ മുഴങ്ങുന്ന ഓരോ സ്വരവും ലോകത്തെ ആനന്ദിപ്പിക്കും.’’ –പ്രധാനമന്ത്രി പറഞ്ഞു.