ആദ്യാക്ഷര മധുരം നുണഞ്ഞ് കുരുന്നുകൾ; മലയാള മനോരമയിൽ വിദ്യാരംഭം
Mail This Article
കോട്ടയം ∙ വിജയദശമി ദിനത്തിൽ മലയാള മനോരമ ഒരുക്കിയ വിദ്യാരംഭച്ചടങ്ങുകളിൽ ആദ്യാക്ഷര മധുരം നുണഞ്ഞ് കുരുന്നുകൾ. കേരളത്തിലെ 11 യൂണിറ്റുകളിലും കേരളത്തിനു പുറത്ത് ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലുമായിരുന്നു ചടങ്ങ്. നിരവധി കുരുന്നുകളാണ് ഹരിശ്രീ കുറിക്കുന്നതിനായി എത്തിയത്.
പുലർച്ചെ ആറരയോടെയാണ് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായത്. സമൂഹത്തിന്റെ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു. ചിലർ ചിരിച്ചും ചിലർ കരഞ്ഞും അക്ഷര നൈവേദ്യം ഏറ്റുവാങ്ങി. അക്ഷരമധുരത്തിനൊപ്പം കൈനിറയെ സമ്മാനങ്ങളുമായാണു കുട്ടികൾ മടങ്ങിയത്.
മലയാള മനോരമ കോട്ടയം യൂണിറ്റിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ 598 പേർ ആദ്യാക്ഷരം കുറിച്ചു. സാമവേദ പണ്ഡിതനും ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയുമായ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവും എംജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ്, കേന്ദ്ര സർവകലാശാലയുടെയും എംജി സർവകലാശാലയുടെയും മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ്, ശാസ്ത്രജ്ഞനും എംജി സർവകലാശാല മുൻ വൈസ് ചാൻസലറും ട്രിവാൻഡ്രം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി (ട്രെസ്റ്റ്) റിസർച് പാർക്ക് ചെയർമാനുമായ ഡോ. സാബു തോമസ്, കവി റോസ് മേരി, എംജി സർവകലാശാല വൈസ് ചാൻസലറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. സി.ടി.അരവിന്ദകുമാർ, എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ഹയർ സെക്കൻഡറി മുൻ ഡയറക്ടർ ജയിംസ് ജോസഫ് എന്നിവരായിരുന്നു ഗുരുക്കന്മാർ.
മലപ്പുറത്ത് ആദ്യാക്ഷരം കുറിച്ച കുരുന്നുകളുടെ എണ്ണം 200 കടന്നു. മലപ്പുറം മലയാള മനോരമ അങ്കണത്തിൽ രാവിലെ 6.30ന് ആണ് ചടങ്ങുകൾക്കു തുടക്കമായത്.
തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലാ വൈസ് ചാൻസലർ ഡോ. എൽ.സുഷമ, കോട്ടയ്ക്കൽ ആര്യവൈദ്യശാലാ അഡീഷനൽ ചീഫ് ഫിസിഷ്യൻ ആൻഡ് ട്രസ്റ്റി ഡോ. കെ.മുരളീധരൻ, കാലിക്കറ്റ് സർവകലാശാല ഫോക്‌ലോർ പഠനവകുപ്പ് മുൻ മേധാവി ഡോ. ഇ.കെ.ഗോവിന്ദവർമ രാജ, തിരുനാവായ നവാമുകുന്ദ ക്ഷേത്രം ഊഴം മേൽശാന്തി അരീക്കര ശ്രീഹരി ഗിരീഷ് നമ്പൂതിരി എന്നിവരാണ് ഗുരുക്കന്മാർ.
തിരുവനന്തപുരത്ത് 7 ജോടി ഇരട്ടക്കുരുന്നുകളടക്കം 394 പേർ ആദ്യാക്ഷരം കുറിച്ചു.
ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, മുൻ നയതന്ത്ര വിദഗ്ധൻ ടി.പി.ശ്രീനിവാസൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, എഴുത്തുകാരൻ ജോർജ് ഓണക്കൂർ, സംവിധായകനും എഴുത്തുകാരനുമായ സൂര്യ കൃഷ്ണമൂർത്തി എന്നിവരായിരുന്നു ഗുരുക്കന്മാർ.
രാവിലെ 6.30ന് ആരംഭിച്ച ചടങ്ങുകൾ 10.30ഓടെ പൂർത്തിയായി.
മാതാപിതാക്കൾക്കൊപ്പം കുരുന്നുകൾ എത്തിയിരുന്ന പതിവിനു വിരുദ്ധമായി ഇക്കുറി കുടുംബാംഗങ്ങൾ ഒരു കൂട്ടമായി ഒരുമിച്ചെത്തുന്ന കാഴ്ചയാണ് തിരുവനന്തപുരത്ത് കണ്ടത്. മുത്തച്ഛനും മുത്തശ്ശിയുമൊക്കെ അടങ്ങുന്ന പത്തും പതിനഞ്ചും പേരുള്ള കുടുംബകൂട്ടായ്മകളാണ് കുരുന്നുകൾക്കൊപ്പം മനോരമ അങ്കണത്തിലേക്ക് വിദ്യാരംഭത്തിനായി എത്തിയത്.
കൊച്ചി യൂണിറ്റിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ 5 ജോടി ഇരട്ടകളടക്കം 365 കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.
നെതർലൻഡ്സിലെ മുൻ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണി, നാഷനൽ അക്കാദമി ഓഫ് കസ്റ്റംസ് ഇൻഡയറക്ട് ടാക്സസ് ആൻഡ് നാർക്കോട്ടിക്സ് (നാസിൻ) ഡയറക്ടർ ജനറലും മുൻ രാജ്യാന്തര ക്രിക്കറ്റ് അംപയറുമായ ഡോ.കെ.എൻ.രാഘവൻ, പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, കേരള പൊലീസ് ഐജി പി.വിജയൻ, ഭാഗവത ആചാര്യൻ വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മുൻ പ്രസിഡന്റ് ഡോ.സച്ചിദാനന്ദ കമ്മത്ത്, അധ്യാപകനും സംഗീതജ്ഞനുമായ ഡോ.ശ്രീവത്സൻ ജെ.മേനോൻ, ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം എന്നിവരായിരുന്നു ഗുരുക്കന്മാർ.രാവിലെ 6.30നാരംഭിച്ച വിദ്യാരംഭം 10 മണിവരെ നീണ്ടു.
തൃശൂർ യൂണിറ്റിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ 6 ജോടി ഇരട്ടകൾ അടക്കം 139 കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.
പ്രമുഖ ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, മേള വിദഗ്ധൻ പെരുവനം കുട്ടൻ മാരാർ, കേരള ആരോഗ്യ സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, തൃശൂർ കലക്ടർ വി.ആർ. കൃഷ്ണതേജ, സാമൂഹിക പ്രവർത്തക ഡോ.പി. ഭാനുമതി എന്നിവരായിരുന്നു ഗുരുക്കന്മാർ. രാവിലെ 7.30ന് ആരംഭിച്ച ചടങ്ങുകൾ 9.30ന് അവസാനിച്ചു.
കണ്ണൂരിൽ ഒരു ജോഡി ഇരട്ടകളടക്കം 138 കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. കഥാകൃത്ത് ടി.പത്മനാഭൻ, കഥാകൃത്തും നോവലിസ്റ്റുമായ എം.മുകുന്ദൻ, കഥാകൃത്തും നോവലിസ്റ്റുമായ സി.വി.ബാലകൃഷ്ണൻ എന്നിവരായിരുന്നു ഗുരുക്കന്മാർ. രാവിലെ 7ന് ആരംഭിച്ച ചടങ്ങ് പത്തോടെ സമാപിച്ചു.
ആലപ്പുഴ യൂണിറ്റിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ 6 ജോടി ഇരട്ടകളടക്കം 300 കുരുന്നുകൾ ആദ്യാക്ഷരമെഴുതി. റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ മേധാവിയും മുൻ കേരള ഡിജിപിയുമായ പി.കെ.ഹോർമിസ് തരകൻ, ആർക്കിടെക്റ്റ് ജി.ശങ്കർ, ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ്, സാംസ്കാരിക, സഹകരണ വകുപ്പുകളുടെ സെക്രട്ടറി മിനി ആന്റണി, ആലപ്പുഴ മെഡിക്കൽ കോളജ് പ്രഫസർ ഡോ. ബി.പത്മകുമാർ, ചലച്ചിത്ര പിന്നണി ഗായകൻ സുദീപ് കുമാർ എന്നിവരായിരുന്നു ഗുരുക്കൻമാർ.
കൊല്ലത്ത് 4 ജോടി ഇരട്ടകൾ ഉൾപ്പെടെ ആകെ 434 കുരുന്നുകൾ ആദ്യാക്ഷരമെഴുതി. താന്ത്രികാചാര്യനും എസ്എൻ കോളജ് റിട്ട. പ്രഫസറുമായ പ്രഫ. നീലമന വി.ആർ നമ്പൂതിരി, പ്രമുഖ ശാസ്ത്രജ്ഞനും കേന്ദ്ര സർക്കാരിന്റെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു (സിഎസ്ഐആർ) കീഴിലുള്ള ഡൽഹിയിലെ അക്കാദമി സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച്ചിൽ പ്രഫസറും ഡീനുമായ ഡോ. എ. അജയഘോഷ്, ടികെഎം എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പലും എംഇഎസ് എൻജിനീയറിങ് കോളജസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പ്രഫ. പി.ഒ.ജെ ലബ്ബ, നോവലിസ്റ്റും ശാസ്താംകോട്ട ഡിബി കോളജ് ഹിന്ദി വിഭാഗം റിട്ട. മേധാവിയുമായ എം.ഡി രത്നമ്മ, കവിയും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ചവറ കെഎസ് പിള്ള എന്നിവരായിരുന്നു ഗുരുക്കന്മാർ.
പാലക്കാട് യൂണിറ്റിൽ 411 കുട്ടികൾ ആദ്യക്ഷരം കുറിച്ചു. തായമ്പക വിദ്വാൻ കല്ലൂർ രാമൻകുട്ടി മാരാർ, സാഹിത്യനിരൂപകൻ ആഷാ മേനോൻ, ഒറ്റപ്പാലം തൃക്കങ്ങോട് ജിപിഎൽ ട്രസ്റ്റ് ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. കെ.ജി. രവീന്ദ്രൻ, സംസ്ഥാന ഹയർ സെക്കൻഡറി ബോർഡ് റിട്ട. ഡയറക്ടർ ഡോ. സി.പി. ചിത്ര, എഴുത്തുകാരൻ ടി.കെ. ശങ്കരനാരായണൻ എന്നിവർ ഗുരുക്കന്മാരായി.
ഡൽഹി ചിന്മയ മിഷൻ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ 2 ജോഡി ഇരട്ടകളടക്കം 43 കുഞ്ഞുങ്ങൾ ആദ്യാക്ഷരമെഴുതി. ഡപ്യൂട്ടി കൺട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ റബേക്ക മത്തായി, ഡൽഹി ടെക്നോളജിക്കൽ സർവകലാശാല വൈസ് ചാൻസലർ ഡോ. എസ്. ഇന്ദു എന്നിവരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്.