ADVERTISEMENT

കൊൽക്കത്ത ∙ ദുർഗാപൂജയുടെ ആഘോഷത്തിൽ കൊൽക്കത്തയുടെ തെരുവുകളിലിറങ്ങി ഗവർണർ ഡോ.സി.വി.ആനന്ദബോസ്. പൂജാപന്തലുകൾ സന്ദർശിക്കാൻ എല്ലാ ദിവസും വൈകിട്ട് സമയം കണ്ടെത്തുന്ന ഗവർണർ, പൂജാ ആഘോഷത്തെ ജനസമ്പർക്കപരിപാടിയാക്കി മാറ്റി. പൂജയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് ഗവർണർ ഇടുങ്ങിയ റോഡുകളിൽ സഞ്ചരിക്കുന്നതും ജനങ്ങൾക്കിടയിലേക്കിറങ്ങി ക്ഷേമാന്വേഷണം നടത്തുന്നതും സാധാരണക്കാർക്ക്ക്ക് പുതിയ അനുഭവമായി. ശിൽപകലയുടെ മഹത്തായ പൈതൃകം പേറുന്ന പൂജാ പന്തലുകൾ കാണാൻ വൻ ജനപ്രവാഹമാണ് അനുദിനം ഒഴുകിയെത്തുന്നത്. വംഗനാടൻ ശില്പകലയുടെ പ്രൗഢി വിളിച്ചോതുന്നവയാണ് 2021ൽ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിലിടം പിടിച്ച ദുർഗാപൂജയുടെ പന്തലുകൾ.

ദുർഗാപൂജയുടെ പൂരപ്പറമ്പായിമാറുന്ന ശ്രീഭൂമി, ന്യൂ ടൗൺ, സർബോജിനിൻ, ഡംഡം പാർക്ക്,  കോളേജ് സ്‌ക്വയർ, ശ്യാംനഗർ ഫൈവ്പോയിന്റ്, മുഹമ്മദലി പാർക്ക്, കടമ്പ്റ്റാല, ബാഗ്ബസാർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഗവർണർ സകുടുംബം എത്തി. പതിറ്റാണ്ടുകൾക്കുമുൻപ് സ്റ്റേറ്റ് ബാങ്കിൽ ഓഫിസറായി ജോലിചെയ്തകാലത്തെ പൂജാമഹോത്സവത്തിന്റെ ഓർമകൾ ജനങ്ങളുമായും മാധ്യമങ്ങളുമായും ഗവർണർ പങ്കുവച്ചു. നേരത്തേ ബംഗാൾ ജനതയ്ക്ക് ആശംസകൾ നേർന്ന് ബംഗാളിയിൽ ഗവർണർ നൽകിയ  സന്ദേശം മിനിറ്റുകൾക്കുള്ളിൽ വൈറലായിരുന്നു. പൂജ പന്തൽ സന്ദർശനവേളയിൽ തെരുവിൽ കണ്ട അഗതിയെ പുനരധിവസിപ്പിക്കാനും ജോലി നൽകാനും ഗവർണർ നിർദ്ദേശിച്ചിരുന്നു. എട്ടുവർഷമായി തെരുവിൽ കഴിയുന്ന അഭിഷേക് ചാറ്റർജിക്ക് താമസമൊരുക്കിയത് രാജ്ഭവൻ ക്വാർട്ടേഴ്സിലാണ്.

പൂജ ആഘോഷവേളയിൽ ജയിൽ തടവുകാരെ വിട്ടയക്കാനും ഗവർണർ മുൻകയ്യെടുത്തു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി അർഹരായ ജയിൽതടവുകാരെ വിട്ടയയ്ക്കാനുള്ള നടപടി അധികൃതരുടെ നിഷേധാത്മക നയം മൂലം യഥാസമയം നടന്നിരുന്നില്ല. സർക്കാർ സമർപ്പിച്ച പട്ടികയിൽ രാഷ്ട്രീയ പക്ഷപാതവും അനീതിയും അഴിമതിയുമുണ്ടെന്ന ആരോപണം ഉയർന്നപ്പോൾ ഗവർണർ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു എന്നാൽ സർക്കാറിന്റെ വിമുഖതകാരണം നീണ്ടുപോയ നടപടി ഗവർണർ മുൻകൈയെടുത്ത് ദുർഗാപൂജയ്ക്കു തൊട്ടുമുൻപ്  പൂർത്തിയാക്കി. 

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിലും ഇതേ സമീപനമാണ് ഗവർണർ സ്വീകരിച്ചത്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി, ജനങ്ങളുടെ ആളോഹരി വരുമാനം, ആളോഹരി കടം, അധിക സാമ്പത്തിക ബാധ്യത എന്നിവയൊക്കെ വിശകലനം ചെയ്ത് ബില്ലിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ഗവർണർ അംഗീകാരം നൽകിയത്. ബില്ല് പാസാക്കാനായി വിളിച്ച പ്രത്യേക നിയമസഭാസമ്മേളനം ഗവർണറുടെ നിലപാടുകാരണം സർക്കാരിന് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു.

English Summary:

West Bengal Governor CV Ananda Bose visits Durga Puja in Kolkata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com