മധ്യപ്രദേശിൽ എഎപി സ്ഥാനാർഥി കോൺഗ്രസിൽ മടങ്ങിയെത്തി
Mail This Article
ഉജ്ജയിൻ (മധ്യപ്രദേശ്)∙ ഉജ്ജയിനിൽ നിന്നുള്ള ആം ആദ്മി പാർട്ടി (എഎപി) സ്ഥാനാർഥി വിവേക് യാദവ് വീണ്ടും കോൺഗ്രസിൽ ചേർന്നു. അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ഈ ആഴ്ച ആദ്യം കോൺഗ്രസ് വിട്ട് എഎപിയിൽ ചേർന്നത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല, ഉജ്ജയിൻ നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മായാ രാജേഷ് ത്രിവേദി എന്നിവർ തിരഞ്ഞെടുപ്പിന് മുൻപ് വീണ്ടും കോൺഗ്രസിൽ ചേരാൻ വിവേക് യാദവിനെ പ്രേരിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
ഉജ്ജയിൻ നോർത്ത് മണ്ഡലത്തിൽ നിന്ന് വിവേക് യാദവ് സ്ഥാനാർഥിത്വം തേടിയെങ്കിലും കോൺഗ്രസ് നിഷേധിച്ചു. പകരം വനിതാ സ്ഥാനാർഥിയായ മായാ രാജേഷ് ത്രിവേദിക്ക് ഇതേ സീറ്റിൽ ടിക്കറ്റ് നൽകി. ഇതിനു പിന്നാലെയായിരുന്നു അദ്ദേഹം കോൺഗ്രസ് വിട്ട് എഎപിയിൽ ചേർന്നത്. വിവേക് യാദവിന് ഇതുവരെ കോൺഗ്രസിൽ നിന്ന് സ്ഥാനാർഥിത്വം നൽകിയിട്ടില്ല.
കോണ്‍ഗ്രസിൽ നിന്ന് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ, ‘2018ൽ കമൽനാഥിനെ മുഖ്യമന്ത്രിയാകുന്നത് തടയാൻ ശ്രമിച്ച ‘രാജ്യദ്രോഹി’ക്കാണ് പാർട്ടി സ്ഥാനാർഥിത്വം നൽകിയ’തെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. അവർക്ക് കോൺഗ്രസ് സ്ഥാാർഥിത്വം നൽകിയത് തന്നെ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് എഎപിയിൽ ചേർന്നതെന്നും കോൺഗ്രസ് വിട്ടതിനു പിന്നാലെ അദ്ദേഹം പ്രതികരിച്ചു. നവംബർ 17നാണ് മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും.