ന്യൂസ്ക്ലിക്ക്: പ്രബീർ പുർകായസ്ഥയെയും അമിത് ചക്രവർത്തിയെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു
Mail This Article
ന്യൂഡൽഹി ∙ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയെന്ന കേസിൽ ന്യൂസ്ക്ലിക്ക് ഓൺലൈൻ പോർട്ടൽ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയെയും അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അമിത് ചക്രവർത്തിയെയും ഒമ്പത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. നവംബർ രണ്ടിന് ഇരുവരെയും വീണ്ടും ഹാജരാക്കണമെന്ന് പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ഹർദീപ് കൗർ ഉത്തരവിട്ടു.
ഈ മാസം 10 മുതൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഇതിന്റെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു. കൂടുതൽ തെളിവുകൾ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഒക്‌ടോബർ മൂന്നിന് അറസ്റ്റിലായ ഇവരെ ആദ്യം ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനുശേഷമാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘം ന്യൂസ് ക്ലിക്കിനു പണം നൽകിയെന്ന ന്യൂയോർക്ക് ടൈംസ് വാർത്തയ്ക്കു പിന്നാലെ ഓഗസ്റ്റ് 17നു യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് സ്പെഷൽ സെൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2021 സെപ്റ്റംബറിൽ ഡൽഹിയിലെ ന്യൂസ് ക്ലിക്ക് ഓഫിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് ചെയ്തിരുന്നു. ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.