ADVERTISEMENT

തിരുവനന്തപുരം∙ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ ഉമാ തോമസ് എംഎൽഎ. വിനായകന് ‘സഖാവ്’ എന്ന നിലയിൽ പരിഗണന കിട്ടുന്നുവെന്ന് ഉമാ തോമസ് ആരോപിച്ചു. ‘മുകളിൽ’ നിന്ന് നിർദേശമുണ്ടായോയെന്ന് സംശയമുണ്ടെന്നും അവർ പറഞ്ഞു. 

വിനായകനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടുവെന്ന് ഉമാ തോമസ് ഫെയ്സ്ബുക്കിലും ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവർ മാധ്യമങ്ങളോടും പ്രതികരിച്ചത്. ലഹരിക്ക് അടിമയായ വിനായകൻ എസ്എച്ച്ഒ ഉൾപ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകളാണു ചുമത്തിയതെന്നും ഇതു പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും ഉമാ തോമസ് പറഞ്ഞു.

‘വളരെ മോശമായ, ലജ്ജതോന്നുന്ന രീതിയിലുള്ള പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. അത്തരം രീതിയിൽ ബഹളം ഉണ്ടാക്കിയയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു എന്നുപറഞ്ഞാൽ അത് നാടിനു കൊടുക്കുന്ന തെറ്റായ സന്ദേശമാണ്. പൊലീസ് സ്റ്റേഷനിൽ പോലും എന്ത് കാണിച്ചാലും, ലഹരിക്കടിമപ്പെട്ടു എന്നൊക്കെ പറഞ്ഞുകഴിഞ്ഞാലും സഖാവ് എന്ന രീതിയിൽ അദ്ദേഹത്തിന് പ്രിവിലജ് കിട്ടുന്നു എന്ന് രീതിയിലുള്ള സന്ദേശമാണ്. എല്ലായിടത്തും ഇതുതന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ സ്റ്റേഷനിലും സഖാവിന്, വിഐപികൾക്ക് പ്രിവിലജ് കിട്ടുന്നുണ്ട്. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം’– അവർ പറഞ്ഞു.

ഇന്നലെ വൈകിട്ട് 4.30ന് താമസിക്കുന്ന കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപത്തെ ഫ്ലാറ്റിലേക്കു വിനായകൻ പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. കുടുംബവഴക്കിനെ തുടർന്നായിരുന്നു ഇത്. ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണു കുടുംബവഴക്കിനു കാരണമെന്നു മനസ്സിലാക്കിയ പൊലീസ് രണ്ടുവശവും കേട്ടശേഷം വിനായകനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മടങ്ങാൻ ഒരുങ്ങി. ഇതോടെ പൊലീസിനോടും വിനായകൻ കയർത്തു. നിങ്ങൾ ഒരുവശം മാത്രമാണു കേൾക്കുന്നതെന്നും സ്ത്രീകൾ പറയുന്നതു മാത്രമാണു വിശ്വസിക്കുന്നതെന്നും കുറ്റപ്പെടുത്തിയായിരുന്നു വിനായകൻ ഫ്ലാറ്റിലെത്തിയ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ മടക്കി അയച്ചത്. പിന്നാലെ, രാത്രി 7.30നു പൊലീസ് സ്റ്റേഷനിലെത്തിയ വിനായകൻ, പൊലീസ് ഉദ്യോഗസ്ഥരെ അസ‌ഭ്യം പറഞ്ഞതോടെയാണ് അറസ്റ്റ് ചെയ്ത്. 

English Summary:

Uma Thomas against granting bail Actor Vinayakan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com