ജമ്മു കശ്മീരിൽ 5 തീവ്രവാദികളെ വധിച്ചു; നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം
Mail This Article
ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ നടന്ന ഏറ്റുട്ടലിൽ അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. കരസേനയും ജമ്മു കശ്മീർ പൊലീസും ഇന്റലിജന്‍സ് ഏജൻസികളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് തീവ്രവാദികളെ വകവരുത്തിയത്. കൊല്ലപ്പെട്ടവർ ഭീകര സംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ളവരാണെന്നു പൊലീസ് വ്യക്തമാക്കി.
കുപ്‌വാര പൊലീസിൽനിന്നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനികനീക്കം നടത്തിയത്. ഏറ്റുമുട്ടലിന്‍റെ തുടക്കത്തിൽ രണ്ടുപേരും പിന്നീടുണ്ടായ തുടർ ആക്രമണത്തിൽ മൂന്നുപേര്‍ കൂടിയും കൊല്ലപ്പെടുകയായിരുന്നു. മാഛിലിൽ നിയന്ത്രണ രേഖയ്ക്കു സമീപമാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നതെന്ന് സൈന്യം വ്യക്തമാക്കി.
കശ്മീരിൽ ഈ വർഷം 46 തീവ്രവാദികൾ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. ഇതിൽ 37 പേർ പാക്കിസ്ഥാനികളും ഒൻപതുപേർ കശ്മീർ സ്വദേശികളുമായിരുന്നു.