ADVERTISEMENT

തിരുവനന്തപുരം∙ എൻസിഇആർടി പുസ്തകങ്ങളിൽ ‘ഇന്ത്യ എന്നതിനു പകരം ‘ഭാരതം’ എന്നു രേഖപ്പെടുത്താനുള്ള എൻസിഇആർടി തീരുമാനത്തിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ഭാരതമെന്നേ പറയാവൂ എന്ന് തീരുമാനിക്കുമ്പോഴാണ് പ്രശ്നമെന്ന് വിജയരാഘവൻ പറഞ്ഞു.

‘‘കഴിഞ്ഞ 75 കൊല്ലമായിട്ട് ഇന്ത്യ എന്നാണു പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭാരതമെന്നു പറയുന്നതിൽ തെറ്റില്ല. എന്നാൽ ഭാരതമെന്നേ പറയാവൂ എന്നു പറയുന്നിടത്തേക്കു കാര്യങ്ങൾ മാറ്റുമ്പോഴാണു പ്രശ്നം. ഭാരതമെന്നതു കേവലം ഒരു പേരിൽ മാത്രം ഒതുങ്ങുന്നതല്ല. ഭാരതവും ഇന്ത്യയും എന്നത് രണ്ടർഥത്തിലാണ് രൂപംകൊള്ളുന്നത്. മധ്യകാലത്തിലേക്കുള്ള മടക്കയാത്രയാണ് സംഘപരിവാർ വിഭാവനം ചെയ്യുന്നത്. അതിനാവശ്യമായ പൊതുബോധ നിർമിതി പുതിയ തലമുറയിൽ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

മോദി ഭരണം വിദ്യാഭ്യാസ സാംസ്കാരിക മേഖലകളെ ആർഎസ്എസിന്റെ താൽപര്യത്തിനു വിധേയമാക്കി. ഭരണം രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ഒന്ന് കോർപറേറ്റ് താൽപര്യങ്ങൾക്കനുസരിച്ച്. സമാന്തരമായി വിദ്യാഭ്യാസ സാംസ്കാരിക മേഖല ആർഎസ്എസിന്റെ താൽപര്യങ്ങൾക്കനുസൃതമായി രൂപകൽപന ചെയ്യുക എന്നതാണു രണ്ടാമത്തേത്. അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതോടുകൂടി വിദ്യാഭ്യാസ സാംസ്കാരിക മേഖലയിലേക്കുള്ള തള്ളിക്കയറ്റത്തിനു സഹായകരമായ പശ്ചാത്തലം ഒരുക്കാനാണ് ഇപ്പോൾ എൻസിഇആർടിയെക്കൊണ്ട് ഈ തീരുമാനം എടുപ്പിക്കുന്നത്.

വിദ്യാഭ്യാസ ഉള്ളടക്കത്തെ അയുക്തികമാക്കുക, അതുവഴി മതബോധ നിർമിതിയിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കുക, പുരോഗമന ആഭിമുഖ്യം വിദ്യാർഥികളിലില്ലാതാക്കുക. സംഘപരിവാറിന്റെ പ്രതിലോമ അജൻഡയ്ക്കു ചുറ്റും ചോദ്യം ചെയ്യാത്ത വിധേയൻമാരായി അടുത്ത തലമുറയെ മാറ്റുക എന്നതാണു തീരുമാനത്തിനു പിന്നിലുള്ളത്’’–വിജയരാഘവൻ പറഞ്ഞു.

English Summary:

A Vijayaraghavan against NCERT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com