ADVERTISEMENT

ന്യൂഡല്‍ഹി∙ നഗ്നവിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധിപ്പേരെ കെണിയിൽ വീഴ്ത്തിയ മഹേന്ദ്ര സിങ് എന്നയാളെയാണ് മേവാത്തിൽനിന്ന് പൊലീസ് പിടികൂടിയത്. 9 ലക്ഷം രൂപ നഷ്ടമായ ഡല്‍ഹി സ്വദേശിയായ യുവാവ് പരാതി നല്‍കിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മഹേന്ദ്ര സിങ് പിടിയിലായത്.

യുവതികളെ ഉപയോഗിച്ച് പുരുഷന്മാരുമായി ഫോണില്‍ ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. തുടർന്ന് നഗ്നവിഡിയോ കോളിന് തയാറാണെന്ന് അറിയിക്കും. ഈ വിഡിയോ കോളിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥനാണെന്നും യൂട്യൂബറാണെന്നുമെല്ലാം പരിചയപ്പെടുത്തിയാണ് ഇരകളെ ഫോണില്‍ വിളിക്കുക. പണം നല്‍കിയില്ലെങ്കില്‍ നഗ്നവിഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും കേസെടുത്ത് ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ പലരും പണം നല്‍കും. നാണക്കേട് ഭയന്ന് പരാതി നല്‍കാനും കൂട്ടാക്കില്ല.

മഹേന്ദ്ര സിങ്ങിന്റെ കെണിയില്‍വീണ ഡല്‍ഹി സ്വദേശിക്ക് ഒൻപതുലക്ഷം രൂപയാണു നഷ്ടമായത്. ഒരു യുവതി പരാതിക്കാരനുമായി ബന്ധം സ്ഥാപിക്കുകയും തുടർന്ന നഗ്നവിഡിയോ കോൾ നടത്തുകയുമായിരുന്നു. നഗ്നവിഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഇതു പ്രചരിപ്പിക്കുമെന്നും അല്ലെങ്കില്‍ 9 ലക്ഷം രൂപ വേണമെന്നുമാവശ്യപ്പെട്ട് മഹേന്ദ്ര സിങ് പരാതിക്കാരനെ വിളിക്കുകയായിരുന്നു. 

എസിപി രാം പാണ്ഡേ എന്ന വ്യാജ പേരിലാണു വിളിച്ചത്. പരാതിക്കാരന്‍ പണം കൈമാറിയെങ്കിലും 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് പ്രതി വീണ്ടും വിളിച്ചു. സംഭവത്തില്‍ കേസുമായി മുന്നോട്ടുപോകാതിരിക്കാനാണു പണമെന്നും അല്ലെങ്കില്‍ യുവാവിനെയും കുടുംബത്തിനെയും ജയിലിലടയ്ക്കുമെന്നുമാണു ഭീഷണിപ്പെടുത്തിയത്. ഇതോടെ യുവാവ് ഭയന്നു. ആദ്യഘട്ടത്തില്‍ ഇതേക്കുറിച്ച് ആരോടും വെളിപ്പെടുത്തിയില്ല. ദിവസങ്ങള്‍ക്കുശേഷം ഒരു സുഹൃത്തിനോട് സംഭവത്തെക്കുറിച്ച് പറഞ്ഞു. തുടര്‍ന്ന് ഈ സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. മഹേന്ദ്ര സിങ് വര്‍ഷങ്ങളായി ഇത്തരത്തില്‍ പണം സമ്പാദിച്ചിരുന്നതായാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. 

English Summary:

Sextortion; Mastermind arrested in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com