വിവാഹേതര ലൈംഗികബന്ധവും സ്വവർഗ ലൈംഗികതയും ക്രിമിനൽ കുറ്റമാക്കിയേക്കും; സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷ
Mail This Article
ന്യൂഡൽഹി ∙ വിവാഹേതര ലൈംഗികബന്ധവും സ്വവർഗ ലൈംഗികതയും വീണ്ടും ക്രിമിനൽ കുറ്റമാക്കാൻ പാർലമെന്ററി കമ്മിറ്റി ശുപാർശ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. 2018ൽ സുപ്രീംകോടതി റദ്ദാക്കിയ വകുപ്പുകൾ പുനഃസ്ഥാപിക്കാനാണ് നീക്കം. ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്കു പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയ്ക്കുള്ള കരട് നിയമത്തിൽ പഠനം നടത്തുന്ന സമിതിയാണ് ഈ വിഷയവും ഇതോടൊപ്പം ചേർക്കാൻ പരിഗണിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓഗസ്റ്റിലാണ് ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്. നിലവിൽ ഈ ബില്ലുകൾ ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ബിജെപി എംപി ബ്രിജ് ലാലിന്റെ അധ്യക്ഷതയിലുള്ള സമിതിക്ക് ബില്ലുകളിൽ വിശദപഠനം നടത്താൻ മൂന്നു മാസത്തെ സമയമായിരുന്നു നൽകിയത്. വെള്ളിയാഴ്ച സമിതി യോഗം ചേർന്നെങ്കിലും റിപ്പോര്‍ട്ട് നൽകിയിട്ടില്ല. സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ മൂന്നുമാസം കൂടി സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടു. നവംബർ ആറിനാണ് അടുത്ത യോഗം.
2018ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്നു വിധിച്ചത്. എന്നാൽ ഇത് സിവിൽ നിയമലംഘനമായി കണക്കാക്കാമെന്നും വിവാഹമോചനത്തിന് കാരണമായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഭാര്യ ഭർത്താവിന്റെ അടിമയാണെന്ന കൊളോണിയൽ സങ്കൽപത്തിൽനിന്നാണ് 163 വർഷം പഴക്കമുള്ള ഈ നിയമമുണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
വിവാഹിതയായ സ്ത്രീയുമായി മറ്റൊരു പുരുഷൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് അഞ്ചു വർഷം തടവുശിക്ഷ ലഭിക്കുന്നതായിരുന്നു നിയമം. സ്ത്രീക്ക് ശിക്ഷയില്ല. തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമത്തിൽ സ്ത്രീക്കും പുരുഷനും ഒരുപോലെ ശിക്ഷ നൽകാനുള്ള വകുപ്പുകൾ ഉൾപ്പെടുത്താനാണ് നീക്കം. വിവാഹമെന്ന സാമൂഹിക സ്ഥാപനത്തെ സംരക്ഷിക്കാനാണ് ഐപിസി സെക്‌ഷൻ 497 തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്നും പുറത്തുവിടാത്ത കരട് റിപ്പോർട്ടിൽ പറയുന്നു.
സ്വവർഗ ലൈംഗികത നിരോധിക്കുന്ന സെക്‌ഷൻ 377 തിരികെക്കൊണ്ടുവരാനും ചർച്ച നടക്കുന്നുണ്ട്. ഈ വകുപ്പും അഞ്ചു വർഷം മുൻപ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാ അനുഛേദം 14, 15, 19, 21 എന്നിവ ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുന്നതായി കോടതി നിരീക്ഷിച്ചിട്ടുണ്ട്.