എച്ച്–1 ബി വീസ: പുതിയ പരിഷ്കാരങ്ങൾ ഐടി മേഖലയ്ക്ക് കുരുക്കായേക്കുമെന്ന് ആശങ്ക
Mail This Article
മുംബൈ ∙ എച്ച്–1 ബി വീസയിൽ യുഎസ് ഹോം ലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് കൊണ്ടുവരുന്ന പുതിയ പരിഷ്കാരങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ ഐടി കമ്പനികളുടെ ട്രേഡ് അസോസിയേഷനായ നാസ്കോം. വീസ ചട്ടങ്ങൾ കർക്കശമാക്കുന്നത് റിക്രൂട്ട്മെന്റ് നടപടികളെ ബാധിച്ചേക്കുമെന്ന് നാസ്കോം കണക്കുകൂട്ടുന്നു.
പുതിയ പരിഷ്കാരങ്ങളുൾപ്പെടുത്തിയ കരട് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ അഭിപ്രായമറിയിക്കാൻ 60 ദിവസത്തെ സമയപരിധിയുണ്ട്. ഐടി മേഖലയിലെ ആശങ്കകൾ അറിയിക്കുമെന്ന് നാസ്കോമുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പ്രത്യേക നൈപുണ്യമാവശ്യമുള്ള തൊഴിലുകളുടെ നിർവചനത്തിലുൾപ്പെടെ മാറ്റം വന്നിട്ടുണ്ടെന്നും ഇത് ഇന്ത്യക്കാരുടെ റിക്രൂട്ട്മെന്‍റിന് തടസ്സമായേക്കുമെന്നും അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ യുഎസില്‍ എച്ച്–1 ബി വീസയിൽ ജോലി ചെയ്യുന്നവരിൽ നല്ലൊരു പങ്കും ഇന്ത്യക്കാരാണ്. ഇവരിൽ ഏറെപ്പേരും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. നിലവിലുള്ള വീസ പുതുക്കാനും പുതിയവ ലഭിക്കാനും ഇനി കൂടുതൽ നടപടിക്രമങ്ങളുണ്ടാകുമെന്നാണ് ആശങ്ക.