ADVERTISEMENT

കോഴിക്കോട്∙ മാധ്യമപ്രവർത്തകയോടുള്ള മോശം പെരുമാറ്റം വിവാദമായതിനു പിന്നാലെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. മാധ്യമപ്രവർത്തകയ്‌ക്കെതിരായ മോശം പെരുമാറ്റത്തിൽ ഐപിസി 354 എ (ലൈംഗികാതിക്രമം)  വകുപ്പ് പ്രകാരമാണ് കേസ്.

സുരേഷ് ഗോപി (ഫയൽ ചിത്രം. വിഗ്നേഷ് കൃഷ്ണമൂർത്തി)
സുരേഷ് ഗോപി (ഫയൽ ചിത്രം. വിഗ്നേഷ് കൃഷ്ണമൂർത്തി)

സ്റ്റേഷൻ ജാമ്യം ലഭിക്കാത്തതാണ് വകുപ്പ്. രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ശനിയാഴ്ച ഉച്ചയോടെ മാധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. പരാതി നടക്കാവ് പൊലീസിന് അന്വേഷണത്തിനായി കൈമാറി. തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മൊഴിയടക്കം രേഖപ്പെടുത്തേണ്ടതുണ്ട്. 

സുരേഷ് ഗോപി
സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നു മാധ്യമപ്രവർത്തക വ്യക്തമാക്കിയിരുന്നു. ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യംചോദിക്കവേയാണു സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവയ്ക്കുകയും മോളെ എന്നു വിളിക്കുകയും ചെയ്തത്.

ഈ വിഷയത്തിൽ  മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചെന്നു വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 31നു കോട്ടയത്ത്‌ പബ്ലിക് ഹിയറിങ് നടക്കുമെന്നും സതീദേവി പറഞ്ഞു. മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലെന്നും വിഷയത്തെ ഗൗരവമായാണു വനിത കമ്മിഷൻ കാണുന്നതെന്നും സതീദേവി വ്യക്തമാക്കി. 

English Summary:

Police registered Case against Actor Suresh Gopi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com