കർണാടകയിൽ പുലിനഖ റെയ്ഡ് തുടരുന്നു; മന്ത്രിയുടെ വീട്ടിലും വനംവകുപ്പ് പരിശോധന
Mail This Article
ബെംഗളൂരു∙ വനിതാശിശു ക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ വസതിയിൽ പുലിനഖ ലോക്കറ്റിനായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ലക്ഷ്മിയുടെ മകൻ മൃണാൾ പുലിനഖ ലോക്കറ്റുള്ള മാല ധരിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ പരക്കെ പങ്കുവച്ചതിനെ തുടർന്നാണിത്.
സംസ്ഥാനത്തെ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ വസതികളിൽ കഴിഞ്ഞ ദിവസം വനം വകുപ്പ് നടത്തിയ റെയ്ഡ് നടത്തിയതിന്റെ തുടർച്ചയായാണ് മന്ത്രിയുടെ വസതിയും പരിശോധിച്ചത്. മൃണാൾ ധരിച്ചിരുന്ന പുലിനഖം തുടർന്ന് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇയാളെ ചോദ്യം ചെയ്യാനായി വനം വകുപ്പ് നോട്ടിസും നൽകിയിട്ടുണ്ട്. അതേസമയം മകൻ ധരിച്ചിരുന്നത് പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച പുലിനഖ മാതൃക മാത്രമാണെന്നും വിവാഹ സമ്മാനമായി ലഭിച്ചതാണെന്നും ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു.
കുട്ടിക്കാലം മുതൽക്കേ ഇത്തരത്തിൽ പ്ലാസ്റ്റിക്കിലുള്ള മറ്റൊരു ചെറിയൊരു പുലിനഖ ലോക്കറ്റ് കൂടി മൃണാൾ ധരിച്ചിരുന്നു. ഒരു മൃഗത്തെയും കൊല്ലുന്നത് തനിക്ക് ഇഷ്ടമല്ലെന്നും കടുവയും പുലിയുമൊക്കെ വംശനാശം വരാതെ സംരക്ഷിക്കപ്പെടേണ്ട വന്യജീവികളാണെന്നും അവർ പറഞ്ഞു.
ഇതിനിടെ പുലിനഖ ലോക്കറ്റുമായി 22ന് അറസ്റ്റിലായ ബിഗ് ബോസ് റിയാലിറ്റി ഷോ താരം വർത്തൂർ സന്തോഷിന് കോടതി ജാമ്യം അനുവദിച്ചു. കന്നഡ ചലച്ചിത്രതാരങ്ങളായ നിഖിൽ ഗൗഡ, ദർശൻ, റോക്ക് ലൈൻ വെങ്കിടേഷ്, ബിജെപി രാജ്യസഭാ അംഗവും നടനുമായ ജഗേഷ്, നിർമാതാവ് വെങ്കടേശ്വര സ്വാമി എന്നിവരുടെ വീടുകളിലും ബുധനാഴ്ച വനംവകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
∙ ഡപ്യൂട്ടി റേഞ്ച് ഓഫിസർക്ക് സസ്പെൻഷൻ
പുലിനഖ ലോക്കറ്റ് കൈവശം വച്ചതിന് ചിക്കമഗളൂരുവിലെ കലസയിൽ വനം ഡപ്യൂട്ടി റേഞ്ച് ഓഫിസർ ദർശൻ കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സുപ്രീത്, അബ്ദുൽ ഖാദർ എന്നിവരുടെ പരാതിയെ തുടർന്നാണ് വനംവകുപ്പിന്റെ നടപടി. ദർശൻ കുമാർ പുലിനഖ ലോക്കറ്റ് ധരിച്ചു നൽക്കുന്ന ചിത്രങ്ങൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
സംസ്ഥാനത്ത് പുലിനഖ റെയ്ഡുകൾ സജീവമായതോടെ ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തെങ്കിലും പിടിവീഴുകയായിരുന്നു. ഒരു വനം ഉദ്യോഗസ്ഥൻ തന്നെ ഇതു ധരിക്കുന്നത് മാപ്പില്ലാത്ത കുറ്റമാണെന്ന് വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. ശക്തമായ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.