‘യഹോവയുടെ സാക്ഷികള്‍ സമാധാനപ്രിയർ; മരിച്ച ആളെപ്പറ്റി കൂടുതൽ അറിയില്ല’
Mail This Article
കൊച്ചി ∙ യഹോവയുടെ സാക്ഷികൾ വളരെ സമാധാന പ്രിയരാണെന്നും അക്രമപ്രവൃത്തികളോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ പ്രോൽസാഹിപ്പിക്കാറില്ലെന്നും സമ്മേളന വക്താവ് ടി.എ.ശ്രീകുമാർ. യഹോവയുടെ സാക്ഷികളിൽ ആരെങ്കിലുമായി ഡൊമിനിക്കിനു പ്രശ്നമുള്ളതായി അറിയില്ലെന്നും ഡൊമിനിക് യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും ശ്രീകുമാർ പറഞ്ഞു.
‘‘സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. തമ്മനം സ്വദേശിയായ ഡൊമിനിക്കാണ് ഇതിനുപിന്നിലെന്ന് അവർ പറഞ്ഞു. ഇടപ്പള്ളി, കാക്കനാട്, തൃക്കാക്കര, അങ്കമാലി, പെരുമ്പാവൂർ, ആലുവ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവർ കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. രണ്ടായിരത്തോളം പേർ റജിസ്റ്റർ ചെയ്തിരുന്നു. മുന്നൂറോളം പേർ ക്ഷണിതാക്കളായി എത്തിയിരുന്നു. അല്ലാതെ അവരുടെ ബന്ധുക്കളോ താൽപര്യമുള്ള മറ്റുള്ളവരും പങ്കെടുത്തിട്ടുണ്ട്.
എല്ലാവർഷത്തേതും പോലെ ഇത്തവണയും പൊലീസിനെ അറിയിക്കുകയും അവരുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. കൺവൻഷൻ നടക്കുമ്പോൾ പൊതുജനങ്ങളെയും പ്രവേശിക്കാൻ അനുവദിക്കാറുണ്ട്. എവിടെനിന്നുള്ളവർക്കും പങ്കെടുക്കാം. സമാധാനപരമായ ഒരു സമ്മേളനത്തിൽ ഇങ്ങനെ സംഭവിച്ചത് ഏറെ ദുഃഖകരമാണ്. പങ്കെടുത്തവര്‍ വളരെ പാവപ്പെട്ടവരാണ്. മുൻപ് അഞ്ചു തവണ ഇവിടെ കൺവൻഷൻ നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു അനുഭവമുണ്ടാകുന്നത് ആദ്യമാണ്’’ –ശ്രീകുമാർ പറഞ്ഞു. മരിച്ച ആളെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാനായിട്ടില്ലെന്നും ശ്രീകുമാർ വ്യക്തമാക്കി.