‘കളമശേരി സ്ഫോടനം ഏറെ ദുഃഖിപ്പിക്കുന്നതും നടുക്കുന്നതും; മതസ്പർധയും വർഗീയതയും വളരാതിരിക്കാൻ ജാഗ്രത വേണം’
Mail This Article
കോഴിക്കോട് ∙ കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ പ്രതികരണവുമായി കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു കാന്തപുരം ആവശ്യപ്പെട്ടു.
‘‘വിവിധ സമുദായങ്ങൾ വളരെ ഐക്യത്തോടെയും സമാധാനത്തോടെയും കഴിയുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. കളമശേരിയിലെ സ്ഫോടനം ഏറെ ദുഃഖിപ്പിക്കുന്നതും നടുക്കുന്നതുമാണ്. മതസ്പർധയും വർഗീയതയും ഈ അവസരത്തിൽ വളരാതിരിക്കാൻ മുഴുവൻ ജനങ്ങളും നിയമപാലകരും ജാഗ്രത പുലർത്തണം. അക്രമത്തിന് ഇരയായവരുടെ വേദനയിൽ പങ്കുചേരുന്നു’’ – കാന്തപുരം അറിയിച്ചു.
കളമശേരി സ്ഫോടനത്തിൽ ബോംബ് വച്ചതു താനാണെന്നു പറഞ്ഞു കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനാണു കേസിലെ പ്രതിയെന്നു പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സ്ഫോടനം. ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്കു പൊള്ളലേൽക്കുകയും ചെയ്തു. മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസിയും സ്ഥലത്തെത്തി. സംസ്ഥാനത്തെങ്ങും പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.