ADVERTISEMENT

കൊച്ചി∙ കേരളത്തെ നടുക്കി കളമശേരിയിൽ കൺവൻഷൻ സെന്ററിൽ വൻ സ്ഫോടനം. മൂന്നു പേർ മരിച്ചു.പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53) , മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന(12) എന്നിവരാണു മരിച്ചത്. 52 പേർക്കു പരുക്കേറ്റു. ചികിത്സയിലുള്ള 29 പേരിൽ 16 പേർ ഐസിയുവിലാണ്. 4 പേരുടെ നില ഗുരുതരം. കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസിൽ കീഴടങ്ങി. 

കളമശ്ശേരിയിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം. ചിത്രം: റോബർട്ട് വിനോദ്∙ മനോരമ
കളമശ്ശേരിയിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം. ചിത്രം: റോബർട്ട് വിനോദ്∙ മനോരമ

ഇന്നു രാവിലെ ഒമ്പതരയോടെ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിലാണ് സ്ഫോടനമുണ്ടായത്. രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്ഫോടനം നടന്നത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടന്നു. ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടർ സ്ഫോടനങ്ങളുമുണ്ടായെന്നും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടയാൾ പറഞ്ഞു. രണ്ടു സ്ഫോടനങ്ങൾ ഉണ്ടായെന്നാണ് പിന്നീട് മന്ത്രിമാർ മാധ്യമങ്ങളോടു പറഞ്ഞത്.

കളമശേരിയിൽ സ്ഫോടനം ഉണ്ടായ സാമ്ര കൺവൻഷൻ സെന്ററിൽ നിന്നുള്ള ദൃശ്യം.
കളമശേരിയിൽ സ്ഫോടനം ഉണ്ടായ സാമ്ര കൺവൻഷൻ സെന്ററിൽ നിന്നുള്ള ദൃശ്യം.

യഹോവയുടെ സാക്ഷികളുടെ മേഖല കൺവൻഷനാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. അതിനാൽ പല സ്ഥലത്തുനിന്നും ആളുകൾ പ്രാർഥനയ്ക്കായി എത്തിയിരുന്നു. കസേരയിട്ട് ഇരുന്നായിരുന്നു പ്രാർഥന നടത്തിയത്. പലരും കണ്ണടച്ചിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാൻ സാധിച്ചില്ലെന്നും ഇവിടെനിന്നു രക്ഷപ്പെട്ടവർ പറഞ്ഞു. 2500 ആളുകൾക്കു പങ്കെടുക്കാൻ കഴിയുന്ന ഹാളാണിത്. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽനിന്നുള്ളവരാണ് കണ്‍വൻഷൻ സെന്ററിലെത്തിയത്. വെള്ളിയാഴ്ച ആരംഭിച്ച കൺവൻഷൻ ഞായറാഴ്ച വൈകിട്ട് സമാപിക്കാനിരിക്കെയാണു സ്ഫോടനം.

കളമശ്ശേരിയിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം. ചിത്രം: റോബർട്ട് വിനോദ്∙ മനോരമ
കളമശ്ശേരിയിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം. ചിത്രം: റോബർട്ട് വിനോദ്∙ മനോരമ

സ്ഫോടനം നടന്ന ഹാൾ പൊലീസ് സീൽ ചെയ്തു. കൺവൻഷൻ സെന്ററിന്റെ ഗേറ്റ് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. ഡിജിപിയും എഡിജിപി ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി. ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമും എത്തി. നടന്നത് ബോംബ് സ്ഫോടനമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഡിജിപി എസ്. ദര്‍വേഷ് സാഹിബ് പറഞ്ഞു. ടിഫിൻ ബോക്സിനുള്ളിലാണു സ്ഫോടകവസ്തു വച്ചതെന്നു പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്തു വെടിമരുന്നിന്റെ സാന്നിധ്യവുമുണ്ടെന്നും പൊലീസ് അറിയിച്ചു.

ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന കർശനമാക്കി. ഷോപ്പിങ് മാൾ, ചന്തകൾ, കൺെവൻഷൻ സെന്ററുകൾ, സിനിമാ തിയറ്റർ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർഥനാലയങ്ങൾ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് ഡിജിപി നൽകിയ നിർദേശത്തിൽ പറയുന്നു.

English Summary:

Major fire breaks out in Kalamassery Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com