രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായ സ്ഫോടനം; യുഎപിഎ ഉൾപ്പെടെയുള്ളവ ചുമത്തി എഫ്ഐആർ
Mail This Article
കൊച്ചി ∙ കളമശേരിയില്‍ നടന്നത് രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായ സ്ഫോടനം എന്ന് പൊലീസ് എഫ്ഐആർ. സ്ഫോടനം നടന്നത് രാവിലെ 9.35നാണ്. ജനങ്ങളെ കൊലപ്പെടുത്തുകയും പരുക്കേൽപ്പിക്കുകയുമായിരുന്നു സ്ഫോടനത്തിനു പിന്നിലെ ലക്ഷ്യമെന്നും എഫ്ഐആറിൽ പറയുന്നു. ഡൊമിനിക് മാർട്ടിനാണ് പ്രതിയെന്ന് സ്ഥിരീകരിക്കുന്നതിനു മുൻപ് റജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
സ്ഫോടനം നടത്തിയത് ഒന്നിലധികം പ്രതികളായിരിക്കാമെന്ന തരത്തിലാണ് ഈ എഫ്ഐആര്‍. പ്രതികള്‍ക്കെതിരെ യുഎപിഎയും സ്ഫോടക വസ്തു നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഒരു പ്രത്യേക സമൂഹത്തിനുനേരെ അവരെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ സ്ഫോടനമാണ് കളമശേരിയിലേത്. സ്ഫോടനം തീവ്രവാദ സ്വഭാവത്തോടെയുള്ളതാണെന്നും രാജ്യത്തിനു ഭീഷണിയാണെന്നും എഫ്ഐആറിലുണ്ട്.
തീവ്രവാദ സ്വഭാവത്തോടെയുള്ള സ്ഫോടനമായതിനാല്‍ തന്നെ നിലവില്‍ എന്‍ഐഎ ഉള്‍പ്പെടെ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഡൽഹിയിൽ നിന്നുള്ള എന്‍ഐഎ സംഘം എത്തിയശേഷം അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ തീരുമാനിച്ചേക്കും.
പ്രത്യേക അന്വേഷണ സംഘം
കളമശേരിയിലെ സ്ഫോടനം അന്വേഷിക്കുന്നതിനായി പ്രത്യേകസംഘം രൂപീകരിച്ചു സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉത്തരവിട്ടു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത് കുമാര്‍ ആണ് സംഘത്തലവന്‍.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എ.അക്ബര്‍, ഭീകരവിരുദ്ധ സ്ക്വാഡ് ഡിഐജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ എസ്. ശശിധരന്‍, തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണര്‍ പി.വി.ബേബി, എറണാകുളം ടൗണ്‍ അസിസ്റ്റന്‍റ് കമ്മിഷണര്‍ രാജ് കുമാര്‍.പി, കളമശേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ ദാസ്, കണ്ണമാലി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാജേഷ്, കുറുപ്പുംപടി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫിറോസ്, ഭീകരവിരുദ്ധ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ബിജുജോണ്‍ ലൂക്കോസ് എന്നിവരും മറ്റു 11 പൊലീസ് ഉദ്യോഗസ്ഥരുമാണ് 21 അംഗ പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. കൊച്ചി സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ എസ്. ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.