ആക്രമണത്തിന് പിന്നിലാരാണെന്നു കണ്ടെത്തണം; ജനങ്ങളുടെ ഭീതി അകറ്റണം: സാദിഖലി ശിഹാബ് തങ്ങൾ
Mail This Article
കോഴിക്കോട്∙ കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനം ദുഃഖകരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ആക്രമണത്തിനു പിന്നിലാരാണെന്നും എന്തിനുവേണ്ടിയാണ് ഈ ക്രൂരകൃത്യത്തിനു മുതിർന്നതെന്നും എത്രയും പെട്ടെന്ന് കണ്ടെത്തണം. സർക്കാരുകൾ ഇടപെടൽ നടത്തി ജനങ്ങളുടെ ഭീതി അകറ്റണം. ദൈവത്തിന്റെ സ്വന്തം നാട് എന്നും ഭീകര പ്രവർത്തനങ്ങളെ പ്രതിരോധിച്ചവരാണ്. ഊഹാപോഹങ്ങളിൽ വീഴാതെ, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ വിജയിക്കാൻ അനുവദിക്കാതെ കേരളം ഈ അക്രമത്തെയും അതിജീവിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
∙ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ: കളമശ്ശേരിയിലുണ്ടായ സ്ഫോടനങ്ങളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ദുരൂഹത അകറ്റാൻ സർക്കാർ തയാറാവണം. ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കരുത്. സമൂഹത്തിൽ ഛിദ്രത ഉണ്ടാക്കരുത്. അനാവശ്യ പ്രചരണങ്ങൾ നടത്തരുത്. സമീപകാലത്തെ പല സംഭവങ്ങളിലും നടന്ന പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞതാണ്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണം.
∙ ഐയുഎംഎൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സായ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ: കളമശേരിയിലെ സ്ഫോടനം വേദനാജനകമായ കാര്യമാണ്. ഊർജിതമായി അന്വേഷിച്ച് കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്തണം. ഊഹാപോഹങ്ങളുടെ പിന്നാലെ ആരും പോകരുത്. യഥാര്‍ഥത്തിൽ എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. മരിച്ചയാളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
∙ പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ: സൗഹൃദം കാത്തു സൂക്ഷിക്കുന്നൊരു ജനതയാണ് കേരളത്തിലേത്. കളമശേരി സംഭവങ്ങൾ പോലെയുള്ളവ ആരും ഇഷ്ടപ്പെടുന്നില്ല. പ്രാർഥനയിൽ മുഴുകിക്കഴിഞ്ഞ ഒരു കൂട്ടം ജനത്തിനിടയിലാണ് സ്ഫോടനം നടത്തിയത്. കുറ്റക്കാർ ആരായാലും കടുത്ത ശിക്ഷ അർഹിക്കുന്നു. വ്യക്തിയോ സംഘമോ ആയാലും ശിക്ഷ ഉറപ്പുവരുത്തണം. സമാധാനശ്രമങ്ങളുടെ ഭാഗമായി സർക്കാർ വിളിച്ചു ചേർക്കുന്ന സർവകക്ഷി സമ്മേളനത്തിൽ മുസ്‍ലീം ലീഗ് പങ്കെടുക്കും. അന്വേഷണത്തിൽ സർക്കാർ വീഴ്ച വരുത്തുന്നില്ലെന്നാണ് പ്രതീക്ഷ. കേരള ഒറ്റക്കെട്ടായി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളോട് പ്രതിഷേധിക്കും.