കളമശേരിയിലെ നീലക്കാറിന്റെ നമ്പർ വ്യാജം; രാവിലെ പോയത് മണ്ണാറശാലയിലേക്കെന്ന് യഥാർഥ ഉടമ
Mail This Article
കോട്ടയം∙ കൊച്ചി കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിനു തൊട്ടുമുൻപ് വേഗത്തിൽ പുറത്തേക്കു പോയ നീലക്കാറിനെ കുറിച്ചുള്ള ദുരൂഹത തുടരുന്നു. ഈ കാറിന്റെ നമ്പർ വ്യാജമാണെന്നും യഥാർഥ നമ്പർ പത്തനംതിട്ടയിലെ വ്യക്തിയുടെ വെള്ള നിറത്തിലുള്ള കാറിന്റേതാണെന്നും പിന്നീട് മനസ്സിലായി. പൊലീസുകാർ വീട്ടിലെത്തിയും സ്റ്റേഷനിൽ കൊണ്ടുപോയും വിവരങ്ങളെല്ലാം അന്വേഷിച്ചെന്നു യഥാർഥ ഉടമ ചെങ്ങന്നൂർ സ്വദേശി ചന്ദ്രൻ നായർ മാധ്യമങ്ങളോടു പറഞ്ഞു.
‘‘രാവിലെ ഒൻപതോടെ മകന്റെ കൂട്ടുകാരൻ വന്ന് മണ്ണാറശാല ക്ഷേത്രത്തിലേക്കു പോകാൻ കാർ ആവശ്യപ്പെട്ടു. തുടർന്ന് അവൻ കാറെടുത്തിട്ടു പോയി. മകളുടെ പേരിലാണു കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെത്തി കാറിന്റെ വിവരങ്ങളെല്ലാം അന്വേഷിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച്, കാർ കൊണ്ടുപോയയാളെ വിളിക്കുകയും ഉടനെ തിരിച്ചെത്തിക്കുകയും ചെയ്തു.
പിന്നാലെ രണ്ടുമൂന്നു പൊലീസുകാർ കൂടി വീട്ടിലെത്തി. അവർ പരസ്പരം സംസാരിച്ചു. കാറുമായി ചെങ്ങന്നൂർ സ്റ്റേഷൻ വരെ വരണമെന്നു പൊലീസ് ആവശ്യപ്പെട്ടു. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകർ കളമശേരിയിൽ സംശയാസ്പദമായി കണ്ടെത്തിയ കാറിന്റെ നിറം നീലയാണെന്നും ഇതു വെള്ളയല്ലേയെന്നും പറയുന്നുണ്ടായിരുന്നു. എന്തായാലും സ്റ്റേഷനിൽ കൊണ്ടുപോയി കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം മടക്കി അയച്ചു. പൊലീസുകാർ കൂടുതലൊന്നും പറഞ്ഞില്ല’’– ചന്ദ്രൻ നായർ വിശദീകരിച്ചു.
കളമശേരിയിൽ ബോംബ് വച്ച് സ്ഫോടനം നടത്തിയതു താനാണെന്നു പറഞ്ഞു കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനാണു കേസിലെ പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചു. കൊച്ചി സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിൻ തൃശൂര്‍ കൊടകര സ്റ്റേഷനിലാണു കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സ്ഫോടനം. രണ്ടു സ്ത്രീകൾ മരിക്കുകയും നിരവധി പേർക്കു പൊള്ളലേൽക്കുകയും ചെയ്തു.